| Monday, 25th May 2026, 9:09 pm

അര്‍ജന്റീനക്കും ബ്രസീലിനും മുന്നില്‍ അടിപതറാത്ത ഏക രാജ്യം; 2026 ലോകകപ്പില്‍ അവരുമുണ്ട്...

Sudev A

2026 ലോക ഫുട്‌ബോള്‍ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. മെക്‌സിക്കോ, കാനഡ, യു.എസ്.എ എന്നീ മൂന്ന് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ്, ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

മറ്റൊരു ലോകകപ്പ് കൂടി അടുത്തെത്തി നില്‍ക്കുമ്പോള്‍ ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീനക്കും ബ്രസീലിനും ഇതുവരെ കീഴടക്കാന്‍ സാധിക്കാത്ത ഒരു ടീമിന്റെ പേരും ചര്‍ച്ചയാവുകയാണ്.

ലോക ഫുട്‌ബോളില്‍ ബ്രസീലിനും അര്‍ജന്റീനക്കും ഇതുവരെ പരാജയപ്പെടുത്താന്‍ സാധിക്കാത്ത ടീം നോര്‍വേയെയാണ്. ഇരു ടീമുകള്‍ക്കും നോര്‍വേയെന്ന കടമ്പ കടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നത് ചരിത്രത്തില്‍ ഇപ്പോഴും കൗതുകമായ കാര്യമാണ്.

ബ്രസീലും നോര്‍വേയും നാല് തവണയാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ രണ്ട് തവണയും വിജയം യൂറോപ്യന്‍ ടീമിനൊപ്പമായിരുന്നു. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയും ചെയ്തു. 1988, 2006 എന്നീ വര്‍ഷങ്ങളില്‍ നടന്ന സൗഹൃദ മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

1997ലെ സൗഹൃദ മത്സരത്തില്‍ 4-2 എന്ന സ്‌കോറിനായിരുന്നു കാനറിപ്പടയെ നോര്‍വേ തകര്‍ത്തത്. തൊട്ടടുത്ത വര്‍ഷം നടന്ന ലോകകപ്പിലും നോര്‍വേ ബ്രസീലിനെ വീഴ്ത്തി. 2-1നായിരുന്നു നോര്‍വെയുടെ വിജയം. എങ്കിലും ആ ലോകകപ്പില്‍ ബ്രസീല്‍ ഫൈനല്‍ വരെ മുന്നേറി. കലാശപ്പോരില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടായിരുന്നു ബ്രസീലിന് കിരീടം നഷ്ടമായത്.

മറുഭാഗത്ത് അര്‍ജന്റീനക്കെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും നോര്‍വേ വിജയം സ്വന്തമാക്കി. 1986ല്‍ നടന്ന ഫ്രണ്ട്‌ലി മാച്ചില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നോര്‍വേയുടെ വിജയം. എന്നാല്‍ അതേ വര്‍ഷം നടന്ന ലോകകപ്പില്‍ ചാമ്പ്യന്മാരായത് അര്‍ജന്റീനയായിരുന്നു.

2007ലെ സൗഹൃദ മത്സരത്തിലായിരുന്നു അര്‍ജന്റീനക്കെതിരെയുള്ള നോര്‍വേയുടെ മറ്റൊരു വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ പരാജയം.

ഇന്ന് മറ്റൊരു ലോകകപ്പിന് കളമൊരുങ്ങുമ്പോള്‍ ഇതേ നോര്‍വേയും പോരാട്ടത്തിനൊരുങ്ങുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ട് ആണ് നോര്‍വേയുടെ കരുത്ത്.

ഈ ലോകകപ്പില്‍ ഗ്രൂപ്പ് ഐ-യിലാണ് നോര്‍വേ ഇടം നേടിയിട്ടുള്ളത്. 2022 ഖത്തര്‍ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഫ്രാന്‍സ്, ഇറാഖ്, സെനഗല്‍ എന്നീ ടീമുകളാണ് നോര്‍വേക്കൊപ്പം ഗ്രൂപ്പിലുള്ളത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലോകകപ്പ് കളിക്കാനെത്തുന്ന നോര്‍വേ ലോക ഫുട്ബാളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Norway is the only team never loss against Argentina and Brazil

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more