| Tuesday, 24th March 2026, 10:08 am

ഏറ്റവും വലിയ ശത്രു ദക്ഷിണ കൊറിയ; ആണവരാഷ്ട്രമെന്ന പദവി ഉത്തര കൊറിയ ഒരിക്കലും തിരുത്തില്ല: കിം ജോങ് ഉന്‍

അനിത സി

പ്യോങ്‌യാങ്: ഉത്തര കൊറിയ ഒരിക്കലും ആണവ രാഷ്ട്രമെന്ന പദവി തിരുത്തില്ലെന്ന് രാജ്യത്തെ ഉന്നതനേതാവ് കിം ജോങ് ഉന്‍.

ദക്ഷിണ കൊറിയയെ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവായി ഔദ്യോഗികമായി അംഗീകരിക്കുന്നത് തുടരുമെന്നും കിം പറഞ്ഞതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഉത്തരകൊറിയയുടെ ആണവ പ്രതിരോധ നടപടികള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും. അന്തര്‍ദേശീയവും പ്രാദേശികവുമായി രാജ്യത്തിന് നേരെയുള്ള ഭീഷണികളെ നേരിടുന്നതിന് ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്നും കിം വിശദീകരിച്ചു.

15ാമത് സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ ആദ്യ സെഷനില്‍ സംസാരിക്കവെയായിരുന്നു കിം ജോങ് ഉന്‍ നിലപാട് വ്യക്തമാക്കിയത്. തിങ്കളാഴ്ചയാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പീപ്പിള്‍സ് അസംബ്ലിയുടെ ആദ്യ സെഷന്‍ നടന്നത്.

ഒരു ആണവായുധ രാഷ്ട്രമെന്ന നിലയില്‍ ഉത്തര കൊറിയ തങ്ങളുടെ പദവി ഉറപ്പിക്കുന്നത് തുടരും. ശത്രുക്കളുടെ എല്ലാതരത്തിലുമുള്ള പ്രകോപനത്തെയും അടിച്ചമര്‍ത്താന്‍ ആക്രമണത്തെ തന്നെ ആശ്രയിക്കുമെന്നും അദ്ദേഹം വിശദമാക്കി.

പ്രകോപനമില്ലാതെ ഉത്തര കൊറിയക്കെതിരെ ഏതെങ്കിലും തരത്തില്‍ ആക്രമണം നടത്തിയാല്‍ ദയവില്ലാത്ത പ്രത്യാക്രമണങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം ദക്ഷിണ കൊറിയക്ക് മുന്നറിയിപ്പ് നല്‍കി.

ഏറ്റവും വലിയ ശത്രു രാഷ്ട്രമായി ദക്ഷിണ കൊറിയയെ പരിഗണിക്കുമ്പോഴും വ്യക്തമായും പരാമര്‍ശങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും പൂര്‍ണമായും അവഗണിക്കുമെന്നും കിം പ്രസ്താവനയില്‍ പറഞ്ഞു.

2024ല്‍ ദക്ഷിണ കൊറിയയെ ഒന്നാം നമ്പര്‍ ശത്രുരാജ്യമെന്ന് അംഗീകരിക്കുന്നതിനായി കിം നിയമ പരിഷ്‌കരണം കൊണ്ടുവന്നിരുന്നു. ഇരു കൊറിയകളുടെ ഏകീകരണം നടക്കണമെന്നും ഈ വ്യവസ്ഥ ഭേദഗതി ചെയ്യുമെന്നായിരുന്നു പ്രതീക്ഷയെന്നും ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാ്പ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ യു.എസിന്റെ പങ്കിനെ കിം നിശിതമായി വിമര്‍ശിച്ചിരുന്നു. തന്റെ എതിരാളികള്‍ക്ക് സമാധാനപരമായ സഹവര്‍ത്തിത്വം വേണോ ഏറ്റുമുട്ടല്‍ വേണോ എന്ന് സ്വയം തെരഞ്ഞെടുക്കാവുന്നതാണ്.

ഏത് രീതിയിലായാലും അതിനോട് അതേ നാണയത്തില്‍ പ്രതികരിക്കാന്‍ ഉത്തര കൊറിയ തയ്യാറാണെന്നും കിം ജോങ് ഉന്‍ ട്രംപിന്റെ പേരെടുത്ത് പറയാതെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉത്തരകൊറിയയുമായി നിരന്തരം ചര്‍ച്ചകള്‍ക്കായി യു.എസ് ക്ഷണിക്കുന്നതിനിടെയായിരുന്നു കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പ് പുറത്തെത്തിയത്. കഴിഞ്ഞമാസം ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് യു.എസ് സൈന്യം ഉത്തര കൊറിയന്‍ അതിര്‍ത്തിക്ക് സമീപം സൈനികാഭ്യാസങ്ങള്‍ നടത്തിയിരുന്നു.

കിമ്മിന്റെ മുന്നറിയിപ്പുകള്‍ തള്ളിയായിരുന്നു സൈനികാഭ്യാസം. തുടര്‍ന്ന് അതേസമയത്ത് തന്നെ പുതുതായി വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി കിം എതിരാളികള്‍ക്ക് മറുപടിയും നല്‍കിയിരുന്നു.

Content Highlight: North Korea will never change its status as a nuclear state: Kim Jong Un

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more