ഇഞ്ചിയോണ്‍: അതിര്‍ത്തിക്ക് സമീപത്ത് വെച്ച് യു.എസും ദക്ഷിണ കൊറിയയും വാര്‍ഷിക സൈനികാഭ്യാസങ്ങള്‍ നടത്തുന്നതിനിടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ.
പത്തോളം ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തര കൊറിയ കടലിലേക്ക് വിക്ഷേപിച്ചതായി ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷിച്ചിരിക്കുന്നത്.
ഉത്തരകൊറിയ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈല്‍ തങ്ങളുടെ തീരത്ത് കണ്ടെത്തിയതായി ജപ്പാന്‍ തീര സംരക്ഷണ സേനയും അറിയിച്ചു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്ത് മിസൈല്‍ വന്നുപതിച്ചതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ എന്‍.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്തു.
മിസൈലുകള്‍ പരമാവധി 80 കിലോമീറ്റര്‍ ഉയരത്തിലെത്തിയെന്നും 340 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചുവെന്നും ജപ്പാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കടലില്‍ പതിച്ച മിസൈലുകള്‍ കാരണം സമീപത്തെ കപ്പലുകള്‍ക്കോ വിമാനങ്ങള്‍ക്കോ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങ്ങിന് സമീപത്ത് നിന്നും പ്രാദേശിക സമയം ഉച്ചയ്ക്ക് 1.20ഓടെ ഉത്തര കൊറിയ മിസൈല്‍ പരീക്ഷിച്ചതെന്നാണ് വിവരം. ദക്ഷിണ കൊറിയയുടെ കിഴക്കന്‍ തീരത്ത് കടലില്‍ മിസൈലുകള്‍ പതിച്ചെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥിരീകരിച്ചതായി യോന്‍ഹാപ്പ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മൂന്നാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയിരിക്കുന്നത്.
ദക്ഷിണ കൊറിയയില്‍ നിന്നും യു.എസില്‍ നിന്നുമുള്ള ആയിരക്കണക്കിന് സൈനികര്‍ പങ്കെടുക്കുന്ന പത്ത് ദിവസത്തെ സംയുക്ത സൈനികാഭ്യാസമായ ഫ്രീഡം ഷീല്‍ഡ് പരിശീലനം മാര്‍ച്ച് 19ന് അവസാനിക്കും.
ശനിയാഴ്ച നൂറുകണക്കിന് യു.എസ്-ദക്ഷിണ കൊറിയന്‍ സൈനികര്‍ ടാങ്കുകളും യുദ്ധവാഹനങ്ങളും ഉപയോഗിച്ച് നദിയില്‍ സൈനികാഭ്യാസങ്ങള്‍ നടത്തിയിരുന്നു.
ദക്ഷിണ കൊറിയ-യു.എസ് സൈനികാഭ്യാസത്തിനെതിരെ നിരവധി തവണ ഉത്തര കൊറിയ പ്രതിഷേധം അറിയിച്ചിരുന്നു. തങ്ങള്‍ക്കെതിരെ സായുധാക്രമണത്തിന് മുമ്പുള്ള പരിശീലമെന്നാണ് ഉത്തര കൊറിയയുടെ വിമര്‍ശനം.
അതേസമയം, ഉത്തര കൊറിയ വിവിധ തരം ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുധ പരീക്ഷണങ്ങളുടെ പേരില്‍ 2006 മുതല്‍ ഉത്തര കൊറിയക്കെതിരെ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ നിരവധി തവണ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രി കിം മിന്‍ സിയോക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാഷിങ്ടണില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ട്രംപ് ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Content Highlight: North Korea tests ballistic missile in response to South Korea-US military exercises