| Thursday, 19th June 2025, 8:12 pm

ഇസ്രഈല്‍ പശ്ചിമേഷ്യയെ ബാധിച്ച അര്‍ബുദം; ഇറാനെ പിന്തുണച്ച് ഉത്തര കൊറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്യോങ്‌യാങ്: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഉത്തര കൊറിയയുടെ പിന്തുണ ഇറാന്. ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഉത്തര കൊറിയന്‍ വിദേശകര്യ മന്ത്രാലയ വക്താവ് ഇസ്രഈല്‍ പശ്ചിമേഷ്യയെ ബാധിച്ച അര്‍ബുദം ആണെന്നും അഭിപ്രായപ്പെട്ടു.

മധ്യേഷ്യയില്‍ പുതിയൊരു യുദ്ധമാണ് ഇസ്രഈലും അവരെ പിന്തുണക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങളും കൊണ്ടുവന്നതെന്നും ഇത് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നശിപ്പിക്കുന്നതിന് കാരണമായെന്നും വക്താവ് പ്രതികരിച്ചു. വിദേശകാര്യ വക്തമാവിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ലോകം സാക്ഷ്യം വഹിക്കുന്ന ഈ ഗുരുതരമായ സാഹചര്യം വ്യക്തമാക്കുന്നത് അമേരിക്കയുടെയും പാശ്ചാത്യ ലോകത്തിന്റെയും പിന്തുണയും സംരക്ഷണവും ലഭിക്കുന്ന ഇസ്രഈല്‍, പശ്ചിമേഷ്യയുടെ സമാധാനത്തിനെതിരായുള്ള ഒരു കാന്‍സര്‍ പോലുള്ള സ്ഥാപനമാണെന്നും ആഗോള സമാധാനവും സുരക്ഷയും നശിപ്പിക്കുന്നതിന്റെ മുഖ്യ കുറ്റവാളിയാണെന്നുമാണ്,’ വക്താവ് പറഞ്ഞു.

ഇറാനെതിരായ ഇസ്രഈല്‍ ആക്രമണം ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ലംഘിക്കുന്നുവെന്നും അത് മനുഷ്യരാശിക്കെതിരായ മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ലോകരാജ്യങ്ങളില്‍ നിന്ന് ആയുധങ്ങളുടേയും ആണവ പദ്ധതികളുടേയും പേരില്‍ ഉപരോധങ്ങള്‍ നേരിടുന്ന ഉത്തര കൊറിയയും ഇറാനും 1973 മുതല്‍ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.

ഉക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ പിന്തുണച്ച ഇരുരാജ്യങ്ങളും റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ഇസ്രഈലിന് നേരിട്ടോ അല്ലാതെയോ സൈനിക സഹായം നല്‍കരുതെന്ന് റഷ്യ അമേരിക്കക്ക്‌ താക്കീത് നല്‍കിയിരുന്നു.

അമേരിക്ക നേരിട്ടോ അല്ലാതെയോ സഹായിക്കുന്നത് ലോകത്തെ അസ്ഥിരപ്പെടുത്തുമെന്നും ഇസ്രഈലും ഇറാനും തമ്മിലുള്ള വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാനിലെ സഹോദരങ്ങള്‍ കരുതിയിരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തിന് നയതന്ത്ര പരിഹാരം കാണണമെന്നും മധ്യസ്ഥത വഹിക്കാന്‍ റഷ്യ തയ്യാറാണെന്നും വ്ളാദിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. ഇതൊരു സൂക്ഷ്മമായ പ്രശ്നമാണെന്നും എന്നാല്‍ തന്റെ കാഴ്ചപ്പാടില്‍ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: North Korea supports Iran during Iran-Israel conflict

We use cookies to give you the best possible experience. Learn more