| Monday, 16th November 2026, 5:50 pm

പുഷ്പ 2ന് വെറും 13 കോടി, രാമായണക്ക് 40 കോടി; കേരളത്തിലെ സിനിമാപ്രേമികളുടെ ടേസ്റ്റ് വേറെ ലെവലെന്ന് നോര്‍ത്ത് ഇന്ത്യന്‍ പേജുകള്‍

അമര്‍നാഥ് എം.

സീക്വലിന്റെ സഹായമില്ലാതെ 1500 കോടി നേടിയ രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമായി മാറിയിരിക്കുകയാണ് രാമായണ. ഇന്ത്യന്‍ ഐതിഹ്യകഥയെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ക്ക് വിഷ്വല്‍ ട്രീറ്റാണ് സമ്മാനിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി രാമായണ മാറുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.

റിലീസ് ചെയ്ത എല്ലാ ഏരിയയിലും മികച്ച കളക്ഷനാണ് രാമായണക്ക് ലഭിക്കുന്നത്. ആന്ധ്ര/ തെലങ്കാന, നോര്‍ത്ത് ഇന്ത്യ, കര്‍ണാടക, ഓവര്‍സീസ് എന്നിവിടങ്ങളില്‍ ഗംഭീര കളക്ഷന്‍ രാമായണ നേടുമെന്ന് ആദ്യമേ പലരും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ പല ട്രാക്കര്‍മാരും പ്രതീക്ഷിക്കാത്ത കുതിപ്പാണ് കേരളത്തില്‍ ചിത്രം നടത്തുന്നത്.

റിലീസിന് മുമ്പ് അധികം ഹൈപ്പില്ലാതിരുന്ന ചിത്രം കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 45 കോടിക്കടുത്ത് നേടിക്കഴിഞ്ഞു. ലിമിറ്റഡ് റിലീസില്‍ വലിയ ഡിമാന്‍ഡാണ് രാമായണക്ക് പലയിടത്തും. ചിത്രത്തിന്റെ മലയാളം പതിപ്പിനും നല്ല സ്വീകാര്യതയുണ്ട്. കേരളം പോലെ ചെറിയ സംസ്ഥാനത്ത് നിന്ന് ഇത്രയും കളക്ഷന്‍ രാമായണക്ക് ലഭിച്ചതാണ് എക്‌സിലെ നോര്‍ത്ത് ഇന്ത്യന്‍ പേജുകള്‍ക്കിടയിലെ പ്രധാന ചര്‍ച്ച.

മൂന്ന് കോടി ജനസംഖ്യയുള്ള ഒരു സംസ്ഥാനത്ത് നിന്ന് ഒരു ഹിന്ദി ചിത്രം ഇത്രയും വലിയ കളക്ഷന്‍ നേടുന്നത് പലരും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. രാമായണക്ക് മുമ്പ് ഇന്ത്യ മുഴുവന്‍ സെന്‍സേഷനായ പുഷ്പ 2ന് കേരളത്തില്‍ നിന്ന് ലഭിച്ചത് വെറും പത്ത് കോടി മാത്രമായിരുന്നെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നു.

യാതൊരു ക്വാളിറ്റിയുമില്ലാത്ത പുഷ്പ 2 പോലുള്ള സിനിമകളെ അവഗണിക്കുകയും രാമായണ പോലെ വിഷ്വല്‍ ട്രീറ്റുള്ള സിനിമകളെ സ്വീകരിക്കുകയും ചെയ്യുന്ന കേരളത്തിലെ സിനിമാപ്രേമികളുടെ ടേസ്റ്റ് പലരും കണ്ട് പഠിക്കണമെന്നും പോസ്റ്റുകളുണ്ട്. ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയും അവിടുത്തെ ടോപ് കളക്ഷനെയുമെല്ലാം വെച്ച് താരതമ്യം ചെയ്യുന്ന പോസ്റ്റുകളും ശ്രദ്ധ നേടുന്നുണ്ട്.

ആറ് കോടി ജനസംഖ്യയുള്ള ആന്ധ്രയില്‍ ഇതുവരെ 60 കോടിയാണ് രാമായണ നേടിയതെന്നും അതിന്റെ പകുതി ജനസംഖ്യയുള്ള കേരളത്തില്‍ 45 കോടിയായെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. 20 കോടി ജനസംഖ്യയുള്ള ഉത്തര്‍ പ്രദേശില്‍ ഇതുവരെ 50 കോടിയാണ് ചിത്രം നേടിയതെന്നും വിമര്‍ശനമുണ്ട്.

നല്ല സിനിമകളെ എപ്പോഴും വിജയിപ്പിക്കുന്നവരാണ് കേരളത്തിലെ സിനിമാപ്രേമികളെന്നും സ്റ്റാര്‍ഡത്തെക്കാളും കണ്ടന്റിനും തിയേറ്റര്‍ എക്‌സ്പീരിയന്‍സിനുമാണ് കേരളത്തില്‍ പ്രാധാന്യമെന്നും കമന്റുകളുണ്ട്. ഈയാഴ്ചയോടെ കേരളത്തില്‍ നിന്ന് രാമായണ 50 കോടി എന്ന നാഴികക്കല്ല് പിന്നിടുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം ബോക്‌സ് ഓഫീസില്‍ ഏത് ലെവല്‍ തൂക്ക് നടത്തുമെന്ന് പ്രവചിക്കാനാകില്ലെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു.

Content Highlight: North Indian pages appreciates Kerala audience for Ramayana movie collection

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more