കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും വനിതാ ലീഗ് നേതാക്കളെ തഴഞ്ഞതിനെതിരെ വിമര്‍ശനമുന്നയിച്ച് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പദവി രാജിവെച്ച് നൂര്‍ബീന റഷീദ്. തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കി.
നാളെ എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവെയ്ക്കില്ലെന്നും ലീഗില്‍ തന്നെ തുടരുമെന്നും നൂര്‍ബിന കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.വനിതാ ലീഗിന്റെ താത്പര്യം പരിഗണിക്കാതെയാണ് രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി നിയോഗിച്ചതെന്ന് നൂര്‍ബിന വിമര്‍ശിച്ചു. വനിതാ ലീഗിന്റെ അയോഗ്യത എന്താണെന്നും അവര്‍ ചോദിച്ചു.
ജയന്തി രാജനെയും ഫാത്തിമ തെഹ്‌ലിയയെയും സ്ഥാനാര്‍ത്ഥികളാക്കിയതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു നൂര്‍ബിനയുടെ വാര്‍ത്താസമ്മേളനം. നേരത്തെയും സ്ഥാനാര്‍ത്ഥി പട്ടികയിലെ അതൃപ്തി പരസ്യമായി നൂര്‍ബിന റഷീദ് രംഗത്തെത്തിയിരുന്നു. തെഹ്‌ലിയ യൂത്ത് ലീഗില്‍ നിന്നുള്ള നേതാവും ജയന്തി രാജന്‍ ദേശീയ തലത്തിലെ ലീഗ് നേതാവുമാണെന്നും വനിതാ ലീഗിന് പ്രാതിനിധ്യം ലഭിച്ചില്ലെന്നുമായിരുന്നു നൂര്‍ബിനയുടെ വിമര്‍ശനം.
തനിക്കോ മറ്റ് വനിതാ നേതാക്കള്‍ക്കോ സീറ്റ് നല്‍കാത്തതിലല്ല, തങ്ങള്‍ക്ക് താത്പര്യമുള്ള നേതാക്കളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് തന്റെ തീരുമാനമെന്നും നൂര്‍ബിന അറിയിച്ചു.
കൃത്രിമ മതേതരത്വം കാണിക്കാനായാണ് ലീഗ് ജയന്തി രാജന് സീറ്റ് നല്‍കിയതെന്ന് നൂര്‍ബിന കുറ്റപ്പെടുത്തി. നിങ്ങള്‍ വ്യാജ മതേതരത്വം കാണിക്കാനായി സീറ്റ് നല്‍കിക്കോളൂ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ആര്‍ട്ടിഫിഷ്യല്‍ മതേതരത്വം ഒന്നിനും ഭൂഷണമല്ല. മതേതരത്വം ഹൃദയത്തില്‍ നിന്നും വരണം. എല്ലാ മതങ്ങളേയും ഒരു പോലെ കാണാനുള്ള ഹൃദയ വിശാലതയാണ് വേണ്ടത്. ലീഗ് ജംബോ കമ്മിറ്റിയുണ്ടാക്കിയിട്ടും ഒരു വനിതാ ലീഗ് നേതാവിനെ പോലും ഉള്‍പ്പെടുത്തിയില്ല. വനിതാ നേതാക്കളുടെ ഹൃദയം തകര്‍ത്ത തീരുമാനമായിരുന്നു അതെന്നും അവര്‍ വിമര്‍ശനം ഉന്നയിച്ചു.
മൂന്ന് പെണ്‍കുട്ടികള്‍ ഒരു സുപ്രഭാതത്തില്‍ വന്നൊരു ലൈംഗിക ആരോപണം നടത്തിയിരുന്നു. അന്ന് താന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. നിങ്ങള്‍ വിചാരിക്കുന്ന പോലെയല്ല, ഈ ലൈംഗിക ആരോപണം സത്യമാണെങ്കില്‍ അത് അവര്‍ ഏതറ്റം വരെയും പോരാടണം അവിടെയാണ് സ്ത്രീത്വത്തിന്റെ പോരാട്ടത്തിന്റെ സ്പിരിറ്റ്.
ഒരു സ്ത്രീയുടെ ലൈംഗിക ആരോപണം എന്ന് പറയുമ്പോള്‍ അതാ ഒരു സ്ത്രീക്ക് മാത്രം പ്രശ്‌നമല്ല. കേരളത്തിലെ മുഴുവന്‍ സഹോദരിമാര്‍ക്കും ഉണ്ടാവുന്നതിന് തുല്യമാണ്. എന്നിട്ടും, ഒരു പൊതുപ്രവര്‍ത്തക ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുകയും കോടതി വരെ അവരെത്തിയിട്ടും അവിടെ വെച്ച് ഒരു മടിയുമില്ലാതെ അത് പിന്‍വലിക്കേണ്ട ഗതികേടിലേക്ക് വീഴുകയും ചെയ്തില്ലെേയന്നും നൂര്‍ബിന ചോദിച്ചു.
താന്‍ വനിതാ കമ്മീഷന്‍ മെമ്പറും കുല്‍സ ടീച്ചര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സനും ആയിരിക്കുമ്പോഴാണ് നമ്മുടെ സദസ്സില്‍ ഔദ്യോഗികമായി ക്ഷണിച്ചു വന്ന ഒരു വേദിയില്‍ വെച്ച് അബ്ദുല്‍സമദ് പൂക്കോട്ടൂര്‍ തങ്ങളോട് ഇറങ്ങി പോകാന്‍ പറഞ്ഞത്.അതിന്റെയൊക്കെ തെളിവ് കയ്യിലുണ്ടെന്നും നേരിട്ട് അനുഭവിച്ച കാര്യങ്ങളാണ് പറയുന്നതെന്നും നൂര്‍ബിന ആരോപിച്ചു.
തെരഞ്ഞെടുപ്പ് വേളയില്‍ അബ്ദുസമദ് പൂക്കോട്ടൂരിന്റെ ധാര്‍മികത ഇപ്പോള്‍ എവിടെപ്പോയി. മുസ്‌ലിം ലീഗിന്റെ വനിതാ പ്രതിനിധികള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കാണുന്നില്ലെയെന്നും എവിടെ പോയി നിങ്ങളുടെ ആദര്‍ശമെന്നും അവര്‍ ചോദിച്ചു.
‘ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയതയാണ്. അത് ഭൂരിപക്ഷ വര്‍ഗീയത ആണെങ്കിലും ന്യൂനപക്ഷ വര്‍ഗീയത ആണെങ്കിലും എതിര്‍ക്കണം.
മുസ്‌ലിം ലീഗിന്റെ ബൈലോ വായിക്കുകയാണെങ്കില്‍ തന്നെ മനസിലാക്കാം പാര്‍ട്ടിയുണ്ടായത് മൈനോറിറ്റി പൊളിറ്റിക്‌സിന് വേണ്ടിയാണ്. മുസ്‌ലിം സമുദായത്തിനും ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങള്‍ക്കും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വേണ്ടിയാണ്. അല്ലാതെ മുസ്‌ലിം കണ്‍സോളിഡേഷനോ മുസ്‌ലിം വാട്ടര്‍ ടൈപ്പ് കമ്പാര്‍ട്ട്‌മെന്റ്‌സ് ആയിക്കൊണ്ട് നിന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തന രീതിയല്ല വനിതാ ലീഗ് ആഗ്രഹിക്കുന്നത്.
എന്റെ സഹോദരങ്ങള്‍ക്ക് അറിയേണ്ടത് എന്താണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇത്രയും കാലം പരിപാലിച്ച വനിതാ ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം ഇന്ന് ഇവിടെ വെച്ച് ഒഴിയുകയാണ്,’ നൂര്‍ബിന പറഞ്ഞു.
കേരളത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വിജയിച്ചു വന്ന ഒരു എം.എല്‍.എ ഉണ്ട്. പാലക്കാട് ആ എം.എല്‍.എയെ നിര്‍ത്തുമ്പോഴും ഇതേപോലെ തന്നെ നിര്‍ത്തരുത് എന്ന് പാര്‍ട്ടിക്കകത്ത് അതിശക്തമായിട്ട് പറഞ്ഞിരുന്നുവെന്നും എന്നാല്‍, സമൂഹമാധ്യമങ്ങളിലെ താരമാണെന്ന് പറഞ്ഞ് പിന്തുണയ്ക്കുകായായിരുന്നുവെന്നും അങ്ങനെ വിജയിക്കാമെന്ന് കണക്കുകൂട്ടിയെന്നും നൂര്‍ബിന വിമര്‍ശിച്ചു.
ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും വലിയ അയോഗ്യതയായി കാണുന്നത് ഹരിത എന്ന വിവാദം സൃഷ്ടിച്ചവരാണ് അവരെന്നതുകൊണ്ടാണ്. പാണക്കാട് കുടുംബങ്ങളെ ഇത്രയധികം മോശമായി ചിത്രീകരിച്ച സ്ഥിതിവിശേഷത്തോട് മനസുകൊണ്ട് യോജിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് വനിതാ ലീഗ് വിയോജിപ്പ് പറയുന്നത്.
പാണക്കാട് കുടുംബത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നവരാണ് ലീഗുകാര്‍. ലോകത്താരും തങ്ങന്മാര്‍ക്കെതിരെ സംസാരിച്ചിട്ടില്ല. എന്നിട്ടും ഖലീഫയെയും തങ്ങന്മാരേയും മോശക്കാരാക്കി പറഞ്ഞ പി.കെ. നവാസിന് സീറ്റ് നല്‍കി. പി.കെ നവാസിനെതിരെ ഉന്നയിക്കപ്പെട്ട പരാതി ഗുരുതരമാണ്.
ഹരിത നേതാക്കള്‍ പി.കെ നവാസിനെതിരെ പരാതി നല്‍കിയിരുന്നു. ഒരു പരാതി നല്‍കിയാല്‍ ഏതറ്റം വരെയും ആ പരാതിയുമായി പോയി കേസ് നടത്തേണ്ടതുണ്ട്. എന്നാല്‍, മുന്നോട്ടുപോകാതെ ഭീഷണിക്ക് മുന്നില്‍ വഴങ്ങി കേസ് പിന്‍വലിക്കുകയായിരുന്നു ചെയ്തത്.
ഇന്നുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയ വേളയിലോ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലോ ഒരു വനിത പോലും പാണക്കാടോ നേതാക്കന്മാരുടെ വീടുകളിലോ പോകാറില്ല. എന്നാല്‍ ഹരിത നേതാക്കള്‍ അങ്ങനെയായിരുന്നില്ലെന്നും തനിക്ക് അവര്‍ പാണക്കാടെത്തിയ ചിത്രങ്ങള്‍ ലഭിച്ചിരുന്നെന്നും നൂര്‍ബിന ആരോപിച്ചു.
Content Highlight: Noorbina Rasheed Resigned from Vanitha League national general secretary post