| Sunday, 27th July 2025, 2:09 pm

ഞങ്ങളും ആലപ്പുഴ സമ്മേളനത്തിൽ പങ്കെടുത്തവർ, ഒരാളും വി.എസിനെതിരെ ക്യാപ്പിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ല: വി. ശിവൻകുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തില്‍ സി.പി.ഐ.എം നേതാവ് സുരേഷ് കുറുപ്പിനെ തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ആരും ആലപ്പുഴ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ മുതിർന്ന നേതാവ് എന്ന നിലയിൽ വി.എസിന് കൊടുക്കാൻ കഴിയുന്ന എല്ലാ ബഹുമാനവും പാർട്ടിയിലുള്ള എല്ലാവരും കൊടുത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. വി.എസ് മരിച്ച ശേഷം പലരും അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുകയാണെന്നും പാർട്ടിയുടെ വളർച്ചയിൽ ഉത്കണ്ഠപ്പെടുന്നവരാണ് ഇത്തരം ചർച്ചകൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പറയാൻ ആണെങ്കിൽ അന്നേ പറയാമായിരുന്നു. ഇപ്പോൾ പറയുന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണെന്നും ശിവൻകുട്ടി പറഞ്ഞു. താനും ആലപ്പുഴ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഒരു വനിതാ നേതാവും ഇത്തരം പരാമർശം നടത്തിയിട്ടില്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

‘ആലപ്പുഴ സമ്മേളനത്തിൽ ഞാൻ പങ്കെടുത്തതാണ്. അവിടെ വെച്ചാണ് ഞാൻ സംസ്ഥാന കമ്മിറ്റിയിൽ വരുന്നത്. അങ്ങനെ ഒരു നേതാവും ചർച്ചയിൽ പറഞ്ഞിട്ടില്ല. വി.എസ് നമ്മെ വിട്ട് പോകുന്ന അവസരം വരെ, പാർട്ടിയുടെ ഒരു മുതിർന്ന നേതാവ് എന്ന നിലയിൽ കൊടുക്കാൻ കഴിയുന്ന എല്ലാ ബഹുമാനങ്ങളും പാർട്ടിയിലുള്ള ആബാലവൃന്ദം ജനങ്ങൾ നൽകിയിട്ടുണ്ട്. അതിനപ്പുറമുള്ള അഭിപ്രായം വസ്തുതക്ക് നിരക്കുന്നതല്ല. വി.എസിന്റെ വേർപാടിന് ശേഷം അദ്ദേഹത്തിന്റെ പേര് വെച്ച് ചർച്ച നടത്തുന്നത് പാർട്ടിയെ ദുർബലപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഇത്തരം ചർച്ച നടത്തുന്നവരെല്ലാം പാർട്ടിയുടെ വളർച്ചയിലും പാർട്ടിയുടെ സ്വാധീനത്തിലും ഉത്കണ്ഠയുള്ളവരാണ്,’ ശിവൻകുട്ടി പറഞ്ഞു.

മുൻ മന്ത്രിയും മുതിർന്ന സി.പി.ഐ.എം നേതാവുമായ കടകംപള്ളി സുരേന്ദ്രനും ശിവന്കുട്ടിയെ പിന്തുണച്ചെത്തിയിട്ടുണ്ട്. വി.എസിന്റെ തട്ടകമായ ആലപ്പുഴയിൽ നടന്ന സംസ്ഥാനസമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി അദ്ദേഹത്തിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞുവെന്നായിരുന്നു സുരേഷ് കുറുപ്പ് എഴുതിയത്.

ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വി. എസ് വേദി വിട്ട് പുറത്തേക്കിറങ്ങിയെന്നും സുരേഷ് കുറുപ്പ് പറയുന്നുണ്ട്. മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപതിപ്പില്‍ ‘ഇങ്ങനെയൊക്കെയായിരുന്നു എന്റെ വി എസ്’ എന്ന പേരിലെഴുതിയ ലേഖനത്തിലാണ് സുരേഷ് കുറിപ്പ് ഇക്കാര്യം എഴുതിയത്.

Content Highlight: None of us, nor any of the participants in the Alappuzha conference, made any reference to capital punishment against VS: V. Sivankutty

We use cookies to give you the best possible experience. Learn more