| Monday, 4th August 2025, 8:02 am

ആ സിനിമകളൊന്നും നഷ്ടമല്ല, ദിലീപിനെ വെച്ചുള്ള സിനിമ പൂർണമായും പരാജയപ്പെട്ടു: ഉദയകൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിരുന്ന അദ്ദേഹം പിന്നീട് ത്രില്ലർ ഴോണറുകളിലേക്ക് ചുവടുമാറ്റം നടത്തുകയായിരുന്നു. വെട്ടം, മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, ദോസ്ത്, സി.ഐ.ഡി മൂസ, പുലിമുരുകൻ, ക്രിസ്റ്റഫർ, ആറാട്ട് എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി.

ഇപ്പോൾ സിനിമയുടെ വിജയ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. സിനിമയുടെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തിരക്കഥാകൃത്തിന്റെ തലയില്‍ മാത്രം കെട്ടിവെക്കരുതെന്നും താന്‍ എഴുതിയിട്ടുള്ള സംവിധായകരെല്ലാം മലയാളത്തിലെ പ്രഗല്‍ഭരാണെന്നും അദ്ദേഹം പറയുന്നു.

അവര്‍ തീരുമാനിച്ചുറപ്പിച്ച തിരക്കഥകള്‍ മാത്രമേ സിനിമയാക്കപ്പെട്ടിട്ടുള്ളുവെന്നും നാലോ അഞ്ചോ കഥകളുമായിട്ടാണ് താന്‍ ഒരു പ്രോജക്ടിനെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതില്‍നിന്ന് സംവിധായകന്‍, നായക നടന്‍, നിര്‍മാതാവ് തുടങ്ങിയവരെല്ലാം ചേര്‍ന്ന് വിജയസാധ്യത ഉള്ളതെന്ന് കരുതുന്ന ഒരെണ്ണം തിരഞ്ഞെടുക്കുകയാണെന്നും ആ കഥയില്‍ സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി സംഭാഷണങ്ങള്‍ രചിച്ച് തിരക്കഥയാക്കുന്ന ജോലിയാണ് താന്‍ ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അങ്ങനെ പൂര്‍ത്തിയാക്കിയ തിരക്കഥയുടെ ഡിജിറ്റല്‍ കോപ്പി, ഷൂട്ടിങ് തുടങ്ങുന്നതിന് മാസങ്ങള്‍ക്കു മുമ്പേ ആ പ്രോജക്ടുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആളുകളുടെയെല്ലാം കൈകളില്‍ എത്തും. അവരുടെയൊക്കെ സംശയങ്ങളും അഭിപ്രായങ്ങളും കേട്ട് ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തിയാണ് ഷൂട്ട് ചെയ്യുന്നത്. അല്ലാതെ, ഞാനൊരു തിരക്കഥയെഴുതി ആരെയും കാണിക്കാതെ രഹസ്യമായി ഷൂട്ട് ചെയ്യുന്നതല്ല,’ ഉദയകൃഷ്ണ പറയുന്നു. വിജയത്തിന്റെ ക്രെഡിറ്റ് എല്ലാവരും എടുക്കുന്നുണ്ടെങ്കില്‍ പരാജയത്തിന്റെ ഉത്തരവാദിത്തവും എല്ലാവര്‍ക്കും കൂടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ദിലീപും തമന്നയും പ്രധാനകഥാപാത്രങ്ങളില്‍ എത്തിയ ബാന്ദ്ര എന്ന സിനിമ മാത്രമാണ് പൂര്‍ണമായും പരാജയപ്പെട്ടതെന്നും മറ്റുള്ള സിനിമകളൊന്നും പരാജങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറാട്ടും ക്രിസ്റ്റഫറും പോലുള്ള ചിത്രങ്ങള്‍ക്ക് റിലീസിന് മുമ്പ് തന്നെ വലിയരീതിയിലുള്ള ബിസിനസ് നടന്നിരുന്നു. അവയൊന്നും നഷ്ടചിത്രങ്ങളല്ല. ബാന്ദ്ര മാത്രമാണ് പൂര്‍ണമായും പരാജയപ്പെട്ടത്,’ ഉദയകൃഷ്ണ കൂട്ടിച്ചേര്‍ത്തു. മനോരമ ആഴ്ചപ്പതിപ്പിന് കൊടുത്ത അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: None of those films are a loss, the film starring Dileep was a complete failure: Udayakrishna

We use cookies to give you the best possible experience. Learn more