ബെംഗളൂരു: ഒരേ പേരില്‍ ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വെച്ചെന്ന പരാതിയില്‍ ചലച്ചിത്ര താരം പ്രകാശ് രാജിനെതിരെ ബംഗളൂരു മജിസ്ട്രേറ്റ് കോടതി (48ാം എ.സി.ജെ.എം കോടതി) ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ഒരേ പേരില്‍ നാല് വ്യത്യസ്ത വോട്ടര്‍ ഐ.ഡികള്‍ എടുത്തുവെന്ന് ആരോപിച്ച് ദിലീപ് കുമാര്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് കോടതിയുടെ ഈ ശക്തമായ നടപടി.
ഈ കേസില്‍ നേരത്തെ രണ്ട് തവണ കോടതി താരത്തിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരായില്ല.
തുടര്‍ന്ന് രണ്ട് തവണ വാറന്റ് പുറപ്പെടുവിച്ചിട്ടും പ്രകാശ് രാജ് കോടതിക്ക് മുന്നിലെത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ്, കോടതി നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി അവഗണിച്ച പശ്ചാത്തലത്തില്‍ ഇപ്പോള്‍ മൂന്നാം തവണയും കടുത്ത നിയമനടപടിയെന്നോണം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ താരം കടുത്ത നിയമക്കുരുക്കിലായിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും നിരന്തരം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന വ്യക്തിയാണ് പ്രകാശ് രാജ്.
അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുന്നുണ്ടെങ്കിലും, നിലവിലെ കോടതി നടപടികള്‍ പൂര്‍ണമായും തിരഞ്ഞെടുപ്പ് ചട്ടലംഘനവും വോട്ടര്‍ ഐഡി ക്രമക്കേടുമായി ബന്ധപ്പെട്ടുള്ളതാണ്.
തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയാകാറുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.
അടുത്തിടെ നടന്ന ഒരു പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഈ നിയമനടപടികളെക്കുറിച്ചും അദ്ദേഹത്തിന്റെ വിവാദ നിലപാടുകളെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതെ താരം പ്രകോപിതനായത് വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടം നേടുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
Content highlight: Non-bailable arrest warrant issued against actor Prakash Raj for voter ID irregularities