| Tuesday, 8th September 2015, 1:42 pm

നോക്കിയ C1 ആന്‍ഡ്രോയ്ഡ്! ഗതകാലം തിരികെപ്പിടിക്കാനെത്തുന്ന പോരാളി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഒരുകാലത്ത് ലോകസ്മാര്‍ട്ട്‌ഫോണ്‍ വിപണി അടക്കിവാണിരുന്ന നോക്കിയ ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ മൈക്രോസോഫ്റ്റിന് വിധേയത്വം പുലര്‍ത്തിവരികയാണ്. പക്ഷേ നോക്കിയ പ്രേമികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ക്കായി വീണ്ടും വരുന്നു ലോകത്തെ ഏറ്റവും യൂസര്‍ ഫ്രണ്ട്‌ലിയായ ഫോണ്‍!

2016 വരെ മൈക്രോസോഫ്റ്റിനായി ഫോണുകളുണ്ടാക്കി നല്‍കുകയും അവയില്‍ “നോക്കിയ” എന്ന ലേബലിനു പകരം “മൈക്രോസോഫ്റ്റ്” ലോഗോ പതിപ്പിക്കണം എന്നുമാണ് മൈക്രോസോഫ്റ്റുമായി നോക്കിയയ്ക്കുള്ള ഉടമ്പടി. എന്നാല്‍ മറ്റു കമ്പനികള്‍ നോക്കിയയ്ക്കായി നിര്‍മ്മിക്കുന്ന ഫോണുകളില്‍ നോക്കിയയുടെ ലോഗോ തന്നെ ചേര്‍ക്കാം. അത്തരത്തില്‍ ഒരു തിരിച്ചുവരവിന് നോക്കിയ ശ്രമം നടത്തുകയാണ് പുതിയൊരു ഫോണുമായി; അതും ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍.

Nokia C1 എന്നാണ് പുതിയ കമ്പനി നോക്കിയയ്ക്കായി നിര്‍മ്മിച്ചു നല്‍കുന്ന ഫോണിന്റെ പേര്. മുമ്പ് എക്‌സ് സീരീസിലെ ചില ഫോണുകള്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഉപയോഗക്കാനുതകുന്ന തരത്തില്‍ നോക്കിയ പുറത്തിറക്കിയിരുന്നെങ്കിലും ആദ്യമായാണ് പൂര്‍ണ്ണമായും ആന്‍ഡ്രോയ്ഡിനെ കൂട്ടുപിടിക്കുന്നത്. ലോലിപോപ് വേര്‍ഷന്‍ ആയിരിക്കും C1ന്റെ ജീവവായു. കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയിട്ടില്ലെങ്കിലും കിട്ടിയ ചിലത് ഇനിപ്പറയാം.

5 ഇഞ്ച് ഡിസ്‌പ്ലേ 720 HD ആയിരിക്കും. 2 GB റാമാണ് ശക്തിസ്രോതസ്സ്. 8 MP പിന്‍ക്യാമറ. സെല്‍ഫിക്കാലമായതിനാല്‍ 5 MP മുന്‍ക്യാമറ ചേര്‍ക്കുന്നുണ്ട് C1ല്‍. ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയറിന്റെ ഉപയോഗം കൂടുതല്‍ എളുപ്പമാക്കാനായി നോക്കിയ സ്വന്തമായി നിര്‍മ്മിച്ച Z Launcher എന്ന സോഫ്റ്റ്‌വെയറും ആഡ് ചെയ്തിരിക്കും.

എന്നാല്‍ പ്രിയ നോക്കിയ പ്രിയരേ മാപ്പ്, സംഭവം എപ്പോള്‍ പുറത്തിറങ്ങുമെന്ന് യാതൊരു വിവരവുമില്ല. Nokia N1 ടാബ്‌ലറ്റ് കഴിഞ്ഞ നവംബറിലായിരുന്നു അനൗണ്‍സ് ചെയ്തത് എന്നതുമായി കൂട്ടിവായിക്കുമ്പോള്‍ ഗതകാലം തിരിച്ചുപിടിക്കാനായി നോക്കിയ ഇറക്കുന്ന ഈ പോരാളി ഈ വര്‍ഷമവസാനത്തോടെ വരവറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

We use cookies to give you the best possible experience. Learn more