| Thursday, 10th September 2026, 6:14 pm

ഇരയെ ആര്‍ക്കും ഭീഷണിപ്പെടുത്താനാവില്ല: സി.ജെ.പി. പ്രതിഷേധത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയെ ശല്യം ചെയ്ത കേസില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ തുടര്‍നടപടിയ്ക്ക് ആവശ്യപ്പെട്ട് സുപ്രീംകോടതി. ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചതിന് ഇരയെയും കുടുംബത്തെയും ആക്രമിക്കുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്ല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് പെണ്‍കുട്ടിയുടെ എഫ്.ഐ.ആറില്‍ തുടര്‍നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടത്. സുപ്രീംകോടതി ദല്‍ഹി, ഉത്തര്‍പ്രദേശ് ഗവണ്‍മെന്റുകളോട് സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും വീട് ആക്രമിക്കുകയും ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അക്രമത്തിന് കൂട്ടുനിന്നവര്‍ കാമറയില്‍ പതിഞ്ഞിട്ടും അവരെ പ്രോസിക്യൂട്ട് ചെയ്യാതെ പെണ്‍കുട്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു.

‘ഉന്നതാധികാരസമിതി വിഷയത്തില്‍ നടപടിയെടുക്കാന്‍ സമയമെടുക്കും. അതിനുള്ളില്‍ പെണ്‍കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നീടത് തിരുത്താനോ പരിഹരിക്കാനോ സാധ്യമാവില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത്തരം കാര്യങ്ങളെ സാരമായി കാണരുത്. ഒരു കുട്ടിക്കെതിരെ ആക്രമണം നടത്തിയ ഒരാളെ സംരക്ഷിക്കരുത്. അങ്ങനെയൊരാള്‍ സ്വതന്ത്രനായി നടന്ന് കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നത് തടയാന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രശ്‌നമാണ്’, സുപ്രീംകോടതി പറഞ്ഞു. ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായം പാടില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

സി.ജെ.പി പ്രതിഷേധത്തിനെത്തിയ പതിനാലുകാരി നിഷു ആസാദിന്റെ പിതാവിന്റെ തല അടിച്ചുപൊട്ടിച്ചു എന്നവകാശപ്പെട്ട് സ്വതന്ത്ര ഭരദ്വാജ് എന്ന ഇന്‍ഫ്‌ളുവന്‍സര്‍ രംഗത്തെത്തിയിരുന്നു. തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ കൊണ്ട് ജയില്‍വാസം ഒഴിവാക്കുകയായിരുന്നുവെന്നാണ് ഇയാള്‍ ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞത്.

ഇത് വിവാദമായതോടെ പെണ്‍കുട്ടി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: ‘Nobody can browbeat victim’: SC seeks report on alleged harassment of minor CJP protester

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more