| Tuesday, 14th July 2026, 1:54 pm

'ആ പ്രാര്‍ത്ഥന ദൈവം അതുകേട്ടു, ഞാന്‍ ചാക്കോച്ചന്റെ മോളായി': മമ്മൂക്കയെ അടുത്തുകണ്ടപ്പോള്‍ ശരിക്കുള്ള മമ്മൂക്കയാണോയെന്ന് തോന്നി: ഐറ ഇസ

ആര്യ.പി

ആശാന്‍ സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ ബാലതാരമാണ് ഐറ ഇസ. നിസാം ബഷീര്‍ സംവിധാനം ചെയ്ത ഐ നോബഡിയില്‍ പൃഥ്വിരാജിന്റേയും പാര്‍വതിയുടേയും മകളായി എത്തി ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുകയാണ് ഈ കൊച്ചുകലാകാരി.

കുഞ്ചാക്കോ ബോബനെ നായകനാക്കി കിരണ്‍ദാസ് സംവിധാം ചെയ്യുന്ന ഉന്മാദത്തില്‍ ചാക്കോച്ചന്റെ മകളായി എത്തുന്നതും ഐറയാണ്. ഈ മാസം ഒടുവില്‍ ചിത്രം തിയേറ്ററിലെത്തു.

ഇതിനിടെ നടന്‍ മമ്മൂട്ടിയുമായുള്ള ഐറയുടെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. ആശാന്റെ ഷൂട്ട് സമയത്താണ് മമ്മൂട്ടിയെ പരിചയപ്പെട്ടതെന്ന് ഐറ പറയുന്നു. ശരിക്കുള്ള മമ്മൂട്ടി തന്നെയാണോ ഇതെന്ന് തനിക്ക് സംശയം തോന്നിയെന്നാണ് ഐറ റിപ്പോര്‍ട്ടര്‍ ഫിലിംസുമായി നടത്തിയ അഭിമുഖത്തില്‍ രസകരമായി പറയുന്നത്.

‘ മമ്മൂക്കയെ കണ്ടപ്പോള്‍ ഞാന്‍ പോയി കൈ കൊടുത്തു. അയ്യോ ഇത് ശരിക്കുള്ള മമ്മൂക്കയാണോ എന്ന് തോന്നി. ആശാനില്‍ ഏത് കഥാപാത്രമാണ് ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു. ഇന്ദ്രന്‍സ് അങ്കിളിന്റെ മോളാണെന്ന് പറഞ്ഞു. അതിന് ശേഷം മമ്മൂക്ക എന്നെ സ്റ്റേജിലേക്ക് വിളിക്കുകയൊക്കെ ചെയ്തു.

വലുതാകുമ്പോള്‍ എനിക്ക് എല്ലാവരുടേയും കൂടെ അഭിനയിക്കണം. നടിമാരുടെ കൂട്ടത്തില്‍ മഞ്ജു വാര്യരെ കണ്ടിരുന്നു. ഇനി ചാക്കോച്ചന്റെ മകളായി അഭിനയിച്ച ഉന്മാദമാണ് റിലീസിനൊരുങ്ങുന്ന ചിത്രം. ഒരിക്കല്‍ ലുലുവില്‍ പോയപ്പോള്‍ ചാക്കോച്ചനെ കണ്ടിരുന്നു. അന്ന് ബോഡി ഗാര്‍ഡ്‌സൊക്കെയുള്ളതുകൊണ്ട് ഫോട്ടെയെടുക്കാനൊന്നും പറ്റിയില്ല. പിന്നെ ദൈവത്തിനോട് ഞാന്‍ ഇങ്ങനെ പറഞ്ഞ് പറഞ്ഞ് പറഞ്ഞ് ഒടുവില്‍ ദൈവം അതുകേട്ടു. ചാക്കോച്ചനങ്കിളിന്റെ മോളായിട്ട് തന്നെ എനിക്ക് അഭിനയിക്കാന്‍ പറ്റി.

കുഞ്ചാക്കോബോബന്‍ photo: Pearle maaneyshow/screengrab

ഉന്മാദത്തില്‍ ചാക്കോച്ചന്റെ കൂടെ നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു. ശരിക്കും പപ്പയെ പോലെ തന്നെ തോന്നി. പിന്നെ അങ്കില്‍ ഒരു മാജിക്കൊക്കെ പഠിപ്പിച്ചു തന്നു.

ഞങ്ങള്‍  ഷോട്ട് കഴിയുമ്പോള്‍ ക്യാരംസിന്റെ മുന്നില്‍ പോയിരിക്കും. എനിക്ക് തട്ടാനൊന്നും അറിയില്ല. ചാക്കോച്ചന്‍ എന്നെ ഹെല്‍പ്പ് ചെയ്യും. എന്നിട്ട് ഏറ്റവും ഒടുവില്‍ ചാക്കോച്ചന്‍ കാണാതെ ക്യാരംസ് ഞാന്‍ എന്റെ സൈഡിലേക്ക് എടുക്കുവെക്കും,’ ഐറ പറയുന്നു.

ഐ നോബഡിയിലെ തന്റെ ആദ്യത്തെ ഷോട്ട് തന്നെ ഓക്കെയാക്കിയെന്നും അതുകണ്ട് പൃഥ്വിരാജ് അഭിനന്ദിച്ചെന്നും ഐറ അഭിമുഖത്തില്‍ പറഞ്ഞു.

‘ ആദ്യ ഷോട്ട് തന്നെ ഞാന്‍ ഓക്കെ ആക്കിയപ്പോള്‍ പൃഥ്വിരാജ് അങ്കിള്‍ നിസാം ബ്രോയോട് നല്ല ടാലന്റ് ഉള്ള കുട്ടിയാണല്ലോ എന്ന് പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ ഞാന്‍ ഒരു പ്രത്യേക ആക്ഷന്‍ കാണിച്ചു. അത് കണ്ടപ്പോള്‍ എല്ലാവരു ചിരിച്ചു. പാര്‍വതി ചേച്ചി ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്,’ ഐറ പറഞ്ഞു.

ഐ നോബഡിയില്‍ നിന്നുള്ള രംഗം photo: E4 entertainment/trailer screen grab

ഇപ്പോള്‍ പുറത്തൊക്കെ പോകുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ടെന്നും ദേ പൃഥ്വിരാജിന്റെ മോളായി അഭിനയിച്ച കുട്ടിയെന്നൊക്കെ പറഞ്ഞ് ചിലര്‍ അടുത്ത് വന്ന് ഫോട്ടോയെടുക്കുമെന്നും ഐറ പറഞ്ഞു.

ഐ നോബഡിയിലെ വൈകാരികമായ നിമിഷങ്ങളിലും കഥാഗതിയിലും വളരെ നിര്‍ണായകമായ ഒരു പങ്കാണ് ഐറയുടെ കഥാപാത്രത്തിനുള്ളത്.

ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രം അനുഭവിക്കുന്ന വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയില്‍, പൃഥ്വിക്കൊപ്പം തന്നെ പല സീനുകളിലും പിടിച്ചുനില്‍ക്കാന്‍ ഐറക്കായി.

Content Highlight: Nobody actress baby Ayra Izza about Kunchacko Boban and Mammootty

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more