| Tuesday, 29th July 2025, 9:07 pm

യുദ്ധം അവസാനിപ്പിക്കാനായി ഒരു ലോകനേതാവും ഇടപെട്ടിട്ടില്ല; ട്രംപിനെ തള്ളി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ നിര്‍ണായക പങ്ക്‌ വഹിച്ചെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശങ്ങള്‍ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ലോകനേതാവും ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും വെടിനിര്‍ത്തല്‍ വേണമെന്ന് പാകിസ്ഥാന്‍ യാചിച്ചതിനെത്തുടര്‍ന്നാണ് ആക്രമണം അവസാനിപ്പിച്ചതെന്നും മോദി ലോക്‌സഭയില്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെതിരായ പ്രതിപക്ഷ വിമര്‍ശനങ്ങളില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഞങ്ങളുടെ നടപടി തീവ്രമല്ലെന്ന് ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ പറഞ്ഞിരുന്നു. പാകിസ്ഥാന്റെ ആണവ ബ്ലാക്ക്‌മെയിലിങ് ഇനി വിലപ്പോവില്ല. ആണവ ഭീഷണിക്ക് മുന്നില്‍ തലകുനിക്കുകയില്ലെന്ന് കാര്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തെളിയിച്ചു. നമ്മുടെ മിസൈലുകള്‍ അവരെ മുട്ടുകുത്തിച്ചു.

193 രാജ്യങ്ങളില്‍ മൂന്ന് രാജ്യങ്ങള്‍ ഒഴികെ ബാക്കിയെല്ലാവരും ഇന്ത്യയെ പിന്തുണച്ചു. ലോകം പിന്തുണച്ചു. പക്ഷെ കോണ്‍ഗ്രസ് പിന്തുണച്ചില്ല. കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തന്നെ ലക്ഷ്യം വെച്ചുവെന്നും പക്ഷേ അവരുടെ നിസാരമായ പ്രസ്താവനകള്‍ ധീരരായ സൈനികരെയാണ് നിരുത്സാഹപ്പെടുത്തിയതെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന് തലക്കെട്ടുകള്‍ ഉണ്ടാക്കാം. പക്ഷെ ഇന്ത്യന്‍ ജനഹൃദയങ്ങളില്‍ ഇടമില്ല. ചില പ്രതിപക്ഷ നേതാക്കള്‍ക്ക് സെലക്ടീവ് മെമ്മറിയാണ്. പഹല്‍ഗാം ആക്രണം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചു. താന്‍ എപ്പോഴും നിലകൊള്ളുന്നത് ഇന്ത്യയുടെ പക്ഷത്താണെന്നും മോദി അവകാശപ്പെട്ടു.

എന്നാല്‍ ട്രംപിന്റെ അവകാശ വാദങ്ങള്‍ തള്ളിയ പ്രധാനമന്ത്രി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് തന്നെ വിളിച്ച കാര്യം സ്ഥിരീകരിച്ചു. ‘മെയ് 9 ന് രാത്രിയാണ് വാന്‍സ് വിളിച്ചത്. എന്നാല്‍ സേനയുമായുള്ള ഒരു മീറ്റിംഗില്‍ തിരക്കിലായതിനാല്‍ എനിക്ക് ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തെ തിരികെ വിളിച്ചപ്പോള്‍ പാകിസ്ഥാന്‍ വലിയ ആക്രമണം ആസൂത്രണം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അതാണ് പാകിസ്ഥാന്റെ ഉദ്ദേശ്യമെങ്കില്‍, അതിന് വലിയ വില നല്‍കേണ്ടിവരുമെന്നായിരുന്നു ഞാന്‍ മറുപടി നല്‍കിയത്,’ മോദി പറഞ്ഞു.

പാകിസ്ഥാന്‍ ആക്രമിച്ചാല്‍ വലിയ ആക്രമണത്തിലൂടെ ഞങ്ങള്‍ പ്രതികരിക്കും. ഒരു വെടിയുണ്ടയ്ക്ക് ഞങ്ങള്‍ പീരങ്കിയുണ്ട ഉപയോഗിച്ച് മറുപടി നല്‍കുമെന്നാണ് ഞാന്‍ പറഞ്ഞത്. ഇന്ത്യയുടെ പ്രതികരണവും ദൃഢനിശ്ചയവും അചഞ്ചലമാണെന്നും ഇന്ത്യയുടെ ഓരോ മറുപടിയും കഴിഞ്ഞതിനേക്കാള്‍ വലുതാണെന്ന് പാകിസ്ഥാന് പോലും ഇപ്പോള്‍ മനസിലായി.

ഭാവിയില്‍ അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ഇന്ത്യയ്ക്ക് ഏതറ്റം വരെയും പോകാമെന്ന് അവര്‍ക്കറിയാം. ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ ഞങ്ങളെ ശക്തമായി ആക്രമിച്ചു, ഞങ്ങള്‍ക്ക് ഇനി ഇത് സഹിക്കാന്‍ കഴിയില്ല. ദയവായി ആക്രമണം നിര്‍ത്തൂ എന്നാണ് പാകിസ്ഥാന്‍ പറഞ്ഞത്,’ പ്രധാനമന്ത്രി അവകാശപ്പെട്ടു. പാകിസ്ഥാനൊപ്പം പ്രധാനമന്ത്രി പ്രതിപക്ഷത്തേയും വിമര്‍ശിച്ചു.

ഒരു വശത്ത് ഇന്ത്യ സ്വാശ്രയത്വത്തിലേക്ക് വേഗത്തില്‍ മുന്നേറുമ്പോള്‍ എന്നാല്‍ കോണ്‍ഗ്രസ് വിഷയങ്ങള്‍ക്ക് പാകിസ്ഥാനെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് പാകിസ്ഥാനില്‍ നിന്ന് പ്രശ്‌നങ്ങള്‍ ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: No world leader has intervened to end the war; Modi rejects Trump’s claim

We use cookies to give you the best possible experience. Learn more