| Wednesday, 26th August 2026, 2:33 pm

ആര്‍.എസ്.എസ് പരിപാടി തടയാന്‍ നിവൃത്തിയില്ല; ഇന്ത്യന്‍ വംശജനെന്ന നിലയിലും മേയറെന്ന നിലയിലും കടുത്ത വിയോജിപ്പ്: മംദാനി

നിഷാന. വി.വി

വാഷിങ്ടണ്‍: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയോട് താന്‍ യോജിക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി. എന്നാല്‍ ഇത് സ്വകാര്യ സ്വഭാവമുള്ള പരിപാടിയായതിനാല്‍ നഗരഭരണകൂടത്തിന് റദ്ദാക്കാന്‍ അധികാരമുണ്ടോയെന്ന് സംശയമാണെന്നും മംദാനി പറഞ്ഞു.

ഓഗസ്റ്റ് 29ന് മാന്‍ഹാട്ടനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഹിന്ദു അമേരിക്കന്‍ സമൂഹത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതിനായി ‘അമേരിക്കന്‍ ഹിന്ദുസ് ഫോര്‍ എന്‍ഗേജ്മെന്റ് ആന്‍ഡ് ഡയലോഗ്’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘യൂനിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരിക പൈതൃകവും മതങ്ങള്‍ക്കിടയിലുള്ള ഐക്യവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് സംഘാടകരുടെ അവകാശവാദം.

എന്നാല്‍ ഈ പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. വിദ്വേഷ പ്രചാരണങ്ങള്‍ക്കും തീവ്ര ദേശീയതയ്ക്കും നഗരത്തില്‍ വേരോട്ടമുണ്ടാക്കാന്‍ അനുവദിക്കരുതെന്നും പരിപാടി നിര്‍ത്തിവെക്കാന്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗം സോഹ്‌റാന്‍ മാംദാനി അടിയന്തരമായി ഇടപെടണമെന്നും ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസ് പരിപാടി താന്‍ അംഗീകരിക്കുന്നില്ലെന്ന മേയറുടെ പ്രതികരണം. ‘ഞാന്‍ വളര്‍ന്നുവന്നതും എന്റെ കുടുംബം എന്നെ പഠിപ്പിച്ചതുമായ ഇന്ത്യയെന്നത് എല്ലാ വിഭാഗം ജനങ്ങളും തുല്യാവകാശത്തോടെ ജീവിക്കുന്ന, മതേതരത്വവും ബഹുസ്വരതയും പുലരുന്ന ഒരു രാജ്യമാണ്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ, ഒഴിവാക്കല്‍ നയം അടിസ്ഥാനമാക്കിയുള്ള ഒരു മുന്നേറ്റം വളരുന്നത് കാണുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്,’ മംദാനി അഭിപ്രായപ്പെട്ടു.

‘ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്’ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മോഹന്‍ ഭഗവതും ആര്‍.എസ്.എസും ഹിന്ദു സമൂഹത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികളല്ലെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയവും അക്രമവും വളര്‍ത്താന്‍ ശ്രമിക്കുന്ന പ്രസ്ഥാനമാണെന്നുമാണ് പ്രതിഷേധക്കാര്‍ പറഞ്ഞു.

അന്താരാഷ്ട്രതലത്തില്‍ സ്വീകാര്യത നേടാനും വിദേശത്തുള്ള ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ സ്വാധീനം ശക്തമാക്കാനും ആര്‍.എസ്.എസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിപാടിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlight: No way to stop the RSS event; strong disagreement both as a person of Indian origin and as Mayor: Mamdani.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more