തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സ്‌കൂളുകളില്‍ വന്ദേ മാതരം ആലപിക്കേണ്ട. രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വന്ദേമാതരം ആലപിക്കാന്‍ പറയുന്നില്ലെന്ന് മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം ഇറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ മുഖ്യാതിഥികളാകുന്ന ചടങ്ങുകളിലും വന്ദേമാതരം ആലപിക്കില്ലെന്നാണ് വിവരം.
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഈ മാസം പുറത്തിറക്കിയ അടുത്തിടെ വിവാദമായിരുന്നു. ‘വന്ദേമാതരം’ ആലപിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളുന്നയിച്ചിരുന്നു.
സ്വാതന്ത്ര്യ ദിനഘോഷവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമായിരുന്നു വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന് നിര്‍ദേശിച്ച് കൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ കത്ത്.
സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളില്‍ വന്ദേമാതരം ആലപിക്കണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഒരിടത്തും പറഞ്ഞിരുന്നില്ല. എന്നാല്‍ ചീഫ് സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ ഇതിന് വിരുദ്ധമായ നിര്‍ദേശമാണ് നല്‍കിയിരുന്നത്.
സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഓഗസ്റ്റ് നാലാം തീയതിയാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഓഗസ്റ്റ് ആറാം തീയതി ചീഫ് സെക്രട്ടറി കത്തയയ്ക്കുകയായിരുന്നു. തദ്ദേശ സ്വയം ഭരണ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിന് വിരുദ്ധമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കത്ത് ചീഫ് സെക്രട്ടറി അയച്ചത്.
Content Highlight: No Vande Mataram at Independence Day Function in Kerala Schools