| Thursday, 3rd July 2025, 12:32 pm

ശുചിമുറിയില്ല, ചോർന്നൊലിച്ച് വീടുകൾ; ദുരിതം പേറി ബത്തേരിയിലെ മാനിക്കുനി ഉന്നതി നിവാസികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: കേരളത്തിലെ സമ്പൂർണ ശുചിത്വ നഗരമെന്നറിയപ്പെടുന്ന സുൽത്താൻ ബത്തേരി നഗരത്തിലുള്ള ആദിവാസി പണിയ വിഭാഗങ്ങൾ താമസിക്കുന്ന മാനിക്കുനി ഉന്നതിയിലെ ജനജീവിതം ദുസഹമെന്ന് റിപ്പോർട്ട്.

സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നൂറ് കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ശുചിമുറിയടക്കം അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതം പേറി ജീവിക്കുകയാണ് ആളുകൾ. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും ഇവിടെ സൗകര്യമില്ല. പ്രാഥമിക കൃത്യങ്ങൾക്കായി ഇവിടുത്തുകാർ ആശ്രയിക്കുന്നത് ഉന്നതിക്ക് സമീപമുള്ള തോട്ടങ്ങളെയാണെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു.

മിക്ക വീടുകളിലും ചോർച്ചയുള്ളതിനാൽ മഴക്കാലം ഇവർക്ക് ദുസഹമാണ്. ബിൽ അടയ്ക്കാൻ സാധിക്കാത്തതിനാൽ മിക്ക വീടുകളിലെയും വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്.

തങ്ങൾക്ക് മതിയായ പ്രാഥമിക സൗകര്യങ്ങൾ ഇല്ലെന്നും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ തോട്ടങ്ങളിൽ പോകേണ്ട അവസ്ഥയാണെന്നും മാനിക്കുനി ഉന്നതി നിവാസി പറയുന്നു.

വളരെ ചുരുക്കം ടോയ്‍ലെറ്റുകൾ മാത്രമാണ് അവിടെയുള്ളത്. വീടുകളോട് വളരെ അടുത്താണ് ഇവ നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ ടോയ്ലെറ്റുകളുടെ അടുത്ത് തന്നെയാണ് പാചകവും മറ്റും നടക്കുന്നതും. ഒരു വീട്ടിൽ തന്നെ ആറ് കുടുംബങ്ങൾ ഉണ്ടെന്നും തങ്ങൾക്ക് മതിയായ ശുചിമുറികൾ ഇല്ലെന്നും അത് അത്യാവശ്യമാണെന്നും അവർ പറയുന്നു.

ഞങ്ങൾക്ക് നന്നായി ജീവിക്കാൻ വീട് വേണം. ഇവിടെ ടോയ്‍ലെറ്റുകൾ ഇല്ല. ഞങ്ങൾ അടുത്തുള്ള തോട്ടങ്ങളിലാണ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോകുന്നത്. ഒരുവീട്ടിൽ തന്നെ ആറ് കുടുംബങ്ങൾ ഉണ്ട്. ഞങ്ങൾക്ക് നന്നായി ജീവിക്കണം. ഞങ്ങളുടെ കുഞ്ഞുമക്കൾക്ക് നല്ല ഭക്ഷണം കഴിക്കണം.’ മാനിക്കുനി ഉന്നതി നിവാസിയായ സ്ത്രീ പറയുന്നു.

Content Highlight: No toilets, leaking houses; residents of Manikkuni Unnati in Bathery suffer

We use cookies to give you the best possible experience. Learn more