| Monday, 23rd February 2026, 11:14 am

നോ താങ്ക്‌സ്; ട്രംപിന്റെ ആശുപത്രി കപ്പല്‍ വാഗ്ദാനം തള്ളി ഗ്രീന്‍ലാന്‍ഡ്

നിഷാന. വി.വി

കോപ്പന്‍ഹേഗന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശുപത്രി കപ്പല്‍ വാഗ്ദാനം നിരസിച്ച് ഗ്രീന്‍ലാന്‍ഡ്.

നോ താങ്ക്‌സ് എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശത്തോടുള്ള ഗ്രീന്‍ലാന്‍ഡിന്റെ പ്രതികരണം.

ഗ്രീന്‍ലാന്‍ഡില്‍ പൗരന്മാര്‍ക്ക് സൗജന്യമായ പൊതുജനാരോഗ്യ സംവിധാനമുണ്ടെന്നും ഒരു പ്രത്യേക ആരോഗ്യ സംരക്ഷണ സംരംഭത്തിന്റെ ആവശ്യമില്ലെന്നും ഗ്രിന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍ പറഞ്ഞു.

‘ഗ്രീന്‍ലാന്‍ഡ് ജനതയ്ക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം അവര്‍ക്ക് ലഭിക്കുന്നുണ്ട്. പ്രത്യേക ചികിത്സ ആവശ്യമുണ്ടെങ്കില്‍ അത് ഡെന്മാര്‍ക്കിലും ലഭിക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഗ്രീന്‍ലാന്റിലേക്ക് ആശുപത്രി കപ്പല്‍ അയക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്.

കപ്പല്‍ അയക്കുന്നതിനായി ആര്‍ട്ടിക് ദ്വീപിലേക്കുള്ള യു.എസിന്റെ പ്രത്യേക ദൂതനായി നിയമിതനായ ജെഫ് ലാന്‍ഡ്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.

ഗ്രീന്‍ലാന്‍ഡില്‍ രോഗികളായ പരിചരണം ലഭിക്കാത്ത നിരവധിയാളുകളുണ്ട്.
അവരെ പരിചരിക്കുന്നതിനായി ഞങ്ങളൊരു ആശുപത്രി കപ്പലയക്കാന്‍ പോവുന്നു,’ ട്രംപ് പറഞ്ഞു.

യു.എസ് നാവിക സേനയുടെ യു.എസ്.എന്‍.എസ് മേഴ്‌സി കപ്പല്‍ ഡെന്മാര്‍ക്കിലേക്ക് പുറപ്പെട്ടതായും ട്രംപ് പറഞ്ഞിരുന്നു.

ഗ്രീന്‍ലാന്‍ഡ് ഏത് വിധേനയും പിടിച്ചെടുക്കുമെന്ന നിലപാടിലാണ് ട്രംപ് തുടരുന്നത്. എന്നാല്‍ ഗ്രീന്‍ലാന്‍ഡ് വില്‍ക്കാന്‍ വച്ചിരിക്കുകയല്ലെന്നായിരുന്നു ഡെന്മാര്‍ക്ക് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

Content Highlight: No thanks; Greenland rejects Trump’s hospital ship offer

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more