| Friday, 21st November 2025, 1:42 pm

കേരളത്തിലെ എസ്.ഐ.ആർ നടപടികൾക്ക് തത്കാലം സ്റ്റേ ഇല്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കേരളത്തിലെ എസ്.ഐ.ആർ നടപടികൾക്ക് തത്കാലം സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടി കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഈ മാസം 26 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ എസ്.ഐ.ആറിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും സി.പി.ഐ.എമ്മും കോൺഗ്രസ്, മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളും നൽകിയ ഹരജികളാണ് 26 നു പരിഗണിക്കാമെന്ന് കോടതി അറിയിച്ചിരിക്കുന്നത്. സ്റ്റേ ആവശ്യം ആദ്യ ഭാഗത്ത് ഹർജിക്കാർ ഉന്നയിച്ചിരുന്നില്ല.

കേരളത്തിന് പുറമെ യു.പിയിലെയും പുതുച്ചേരിയിലെയും കേസുകളും പരിഗണിച്ചിരുന്നു. ഈ കേസുകളെല്ലാം ഒരുമിച്ചു വന്നൊരു സാഹചര്യത്തിൽ കേരളത്തിലെ ഹരജികൾ പ്രത്യേകമായി പരിഗണിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

താത്കാലികമായി എസ്.ഐ. ആർ നടപടികൾ നിർത്തിവെക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാകുമെന്നും സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു. മാത്രമല്ല ഉദ്യോഗസ്ഥരില്‍ വലിയ ജോലി സമ്മര്‍ദം ഉണ്ടാക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു.

എസ്.ഐ.ആറിന്റെ ഭരണഘടനാ സാധുതയെ തന്നെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഈ നടപടിക്രമം ‘രാജ്യത്തിന്റെ ജനാധിപത്യ രാഷ്ട്രീയത്തിന് അനുയോജ്യമല്ല’ എന്ന് വിശ്വസിക്കുന്നുവെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.ഐ.ആർ നടത്തുന്നതിൽ ദുരുദ്ദേശമുണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും എസ്.ഐ.ആർ തടയണമെന്നും കോൺഗ്രസ് പറഞ്ഞിരുന്നു

എസ്.ഐ.ആർ നിർത്തിവെക്കണമെന്നും എസ്.ഐ. ആർ ജോലി സമ്മർദ്ദമുണ്ടാക്കുമെന്നും ഈ സാഹചര്യത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാകുമെന്നും പി.കെ കുഞ്ഞാലികുട്ടിയും ആരോപിച്ചിരുന്നു.

അതേസമയം നേരത്തെ ബീഹാറിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

Content Highlight: No temporary stay on SIR proceedings in Kerala: Supreme Court

We use cookies to give you the best possible experience. Learn more