| Tuesday, 8th September 2026, 12:05 pm

അമേരിക്കയുമായി ചർച്ചയില്ല; ഉപരോധം മൂലം ക്യൂബയ്ക്ക് എട്ട് ബില്യൺ ഡോളറിന്റെ നഷ്ടമെന്ന് വിദേശകാര്യ മന്ത്രി

ശ്രീലക്ഷ്മി പി.പി

ഹവാന: അമേരിക്കയുമായി ഇപ്പോൾ ചർച്ചകളൊന്നും നടക്കുന്നില്ലെന്നും, ഭാവിയിൽ ചർച്ച നടത്താൻ പദ്ധതിയില്ലെന്നും ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു. അമേരിക്കയുടെ ഉപരോധം കാരണം കഴിഞ്ഞ ഒരു വർഷത്തിൽ ക്യൂബയ്ക്ക് എട്ട് ബില്യൺ ഡോളറിലധികം സാമ്പത്തിക നഷ്ടമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

‘ചർച്ചകളോ ചർച്ചയ്ക്കുള്ള അജൻഡകളോ നിലവിലില്ല. പുരോഗതിയില്ലെങ്കിലും ബന്ധം നിലനിർത്താൻ ഞങ്ങൾ തയ്യാറാണ്,’ ഹവാനയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ റോഡ്രിഗസ് പറഞ്ഞു.

ക്യൂബയ്‌ക്കെതിരായ അമേരിക്കയുടെ ദീർഘകാല വ്യാപാര ഉപരോധം കാരണം 2025ൽ രാജ്യത്തിന് 8.1 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായി. ഇത് മുൻവർഷത്തേക്കാൾ ഏഴ് ശതമാനം കൂടുതലാണ് എന്ന് അദ്ദേഹം പറഞ്ഞു.

2026ന്റെ തുടക്കത്തിൽ ഉണ്ടായ നഷ്ടം ഇനിയും കൂടുമെന്നാണ് ക്യൂബൻ വിദേശകാര്യ മന്ത്രി പറഞ്ഞത്. അമേരിക്ക എണ്ണ ഉപരോധം ഏർപ്പെടുത്തിയതോടെ ക്യൂബയിൽ എണ്ണയും വൈദ്യുതിയും കുറഞ്ഞു. ഇതുമൂലം രാജ്യത്ത് ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ദ്വീപിലെ ഓരോ വ്യക്തിയെയും എല്ലാ തരത്തിലും അത് ബാധിക്കുന്നു. ദിവസത്തിൽ രണ്ടോ മൂന്നോ മണിക്കൂറോ അതിലും കുറവോ മാത്രം വൈദ്യുതി ലഭിക്കുന്ന അവസ്ഥയിൽ മാസങ്ങളോളം ജീവിക്കേണ്ടിവരുന്നു. ഭക്ഷണം കേടാകുന്നു. ചൂട് കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ല. കുട്ടികൾ ഏതാണ്ട് ഇരുട്ടിൽ പഠിക്കേണ്ടി വരുന്നു’ ക്യൂബൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

ക്യൂബൻ സർക്കാർ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് അമേരിക്കയുടെ നിലപാട്. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൽ മാറ്റം വരുത്താനും സാമ്പത്തിക, മനുഷ്യാവകാശ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നതിനുമാണ് ഉപരോധങ്ങൾ ഏർപ്പെടുത്തിയതെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപ് ഭരണകൂടത്തിന്റെ ഉപരോധങ്ങളും ഊർജ ഉപരോധവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ പറഞ്ഞിരുന്നു. അമേരിക്ക ഉപരോധം ശക്തമാക്കിയതോടെ ക്യൂബയിൽ രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണെന്നും യു.എൻ. വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ക്യൂബയിലെ വെള്ളവും വൈദ്യുതിയും ലഭിക്കുന്നതിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം കുടൽ സംബന്ധമായ രോഗങ്ങളും വയറിളക്കവും വർധിക്കാൻ സാധ്യതയുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlight:No Talks with US; Cuba Lost $8 Billion Due to Sanctions, Says Foreign Minister.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more