| Wednesday, 8th July 2026, 9:04 am

സ്വന്തം ഒപ്പിനെ ബഹുമാനിക്കൂ, ഭീഷണികള്‍ തുടര്‍ന്നാല്‍ ചര്‍ച്ചയ്ക്കില്ല: ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍

ആദർശ് എം.കെ.

ടെഹ്‌റാന്‍: അമേരിക്ക ഭീഷണികള്‍ തുടരുന്ന സാഹചര്യത്തില്‍ അന്തിമ കരാറിനായുള്ള നയതന്ത്ര ചര്‍ച്ചകളുമായി മുന്നോട്ട് പോകില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. കഴിഞ്ഞ മാസം അമേരിക്കയുമായി ഒപ്പിട്ട ധാരണാപത്രത്തിലെ 13ാം ഖണ്ഡിക ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

സൈനിക നീക്കമുണ്ടാകുമെന്ന യു.എസ് പ്രസിഡന്റിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളെ തുടര്‍ന്നാണ് സമാധാന ശ്രമങ്ങള്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ രൂപീകരിച്ച കരാറില്‍ ജൂണ്‍ 18നാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഒപ്പുവെച്ചത്.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശാശ്വത സമാധാനം ലക്ഷ്യമിട്ട് 60 ദിവസത്തെ പരോക്ഷ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനായിരുന്നു 14 പോയിന്റുകളുള്ള ഈ ഉടമ്പടി വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍, നിലവിലെ സൈനിക വാഗ്വാദങ്ങള്‍ ഈ പ്രാഥമിക ചര്‍ച്ചയെ തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

സ്വന്തം ഒപ്പിനെ അമേരിക്ക ബഹുമാനിക്കണമെന്നും, ആയുധമേന്തിയുള്ള ഇടപെടലുകളുടെ ഭീഷണി പൂര്‍ണമായി നിര്‍ത്തിയാല്‍ മാത്രമേ ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കൂ എന്നുമായിരുന്നു അരാഗ്ചിയുടെ വാക്കുകള്‍.

നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നീക്കത്തിന് മടിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘ഒന്നുകില്‍ നമ്മള്‍ ഒരു കരാറിലെത്തും, അല്ലെങ്കില്‍ ജോലി തീര്‍ക്കും. 91 ദശലക്ഷം ജനങ്ങളെ ബാധിക്കുമെന്നതിനാലാണ് കരാറിന് താന്‍ താത്പര്യപ്പെടുന്നത്. എന്നാല്‍ ഇറാന്‍ ഒരിക്കലും ആണവായുധം കൈവശപ്പെടുത്തില്ലെന്ന് ഉറപ്പാക്കുക തന്നെ ചെയ്യും,’ എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

ഇതിനുപുറമേ, തങ്ങളെ ആക്രമിക്കാന്‍ മുതിരുന്ന ഏത് ഇറാനിയന്‍ നേതാവിനെയും തങ്ങള്‍ തകര്‍ക്കുമെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സും പ്രസ്താവിച്ചു.

മേഖലയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

നേരത്തെ, ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് ബാഗര്‍ സോള്‍ഖാദറും ട്രംപിനെ വിമര്‍ശിച്ചിരുന്നു.

ഇറാനിയന്‍ ജനതയോട് ആദരവോടെയും മര്യാദയോടെയും സംസാരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് പഠിക്കണമെന്നും, അല്ലാത്തപക്ഷം മറ്റൊരു ഭാഷയിലായിരിക്കും തങ്ങള്‍ മറുപടി നല്‍കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിദേശ ശക്തികളുടെ ഭീഷണികള്‍ക്ക് മുന്നില്‍ ഇറാന്‍ ഒരിക്കലും വഴങ്ങില്ലെന്നും തങ്ങളുടെ ദേശീയ പരമാധികാരം സംരക്ഷിക്കാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ സാംസ്‌കാരിക മന്ത്രി സയ്യിദ് അബ്ബാസ് സലേഹിയും ട്രംപിന്റെ പ്രസ്താവനകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ മുന്‍കാല പരാജയങ്ങളില്‍ നിന്നും, തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് വിട നല്‍കാനായി തെരുവുകളിലേക്ക് ഒഴുകിയെത്തിയ ദശലക്ഷക്കണക്കിന് ഇറാനിയന്‍ ജനങ്ങളുടെ ഐക്യത്തില്‍ നിന്നും പാഠം പഠിക്കാന്‍ ട്രംപ് തയ്യാറാകണമെന്നായിരുന്നു സലേഹിയുടെ പ്രസ്താവന.

Content Highlight: No talks if threats continue: Iran warns Trump

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more