| Monday, 15th September 2025, 8:30 am

ക്ഷേത്രങ്ങളില്‍ രാഷ്ട്രീയ സംഘടനകളുടെ അടയാളങ്ങളോ കൊടി-തോരണങ്ങളോ വേണ്ട; സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ രാഷ്ട്രീയ സംഘടനകളുടെ ചിഹ്നമോ അടയാളങ്ങളോ കൊടി-തോരണങ്ങളോ വേണ്ടെന്ന് സര്‍ക്കാര്‍. മത-സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന പ്രചരണ വസ്തുക്കള്‍ ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും വേണ്ടെന്നാണ് നിര്‍ദേശം.

ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തിലുള്ളതും സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങള്‍ക്കാണ് നിര്‍ദേശം ബാധകമാകുക. ഏകവര്‍ണ പതാകയ്ക്കും രാഷ്ട്രീയ സംഘടനകളിലെ വ്യക്തികളുടെയോ സംഘടനകളുടെയോ ചിത്രങ്ങള്‍ക്കുമാണ് വിലക്ക്.

ഉത്സവ കാലത്ത് ഉള്‍പ്പെടെ ഈ നിര്‍ദേശം പാലിക്കണമെന്നും കര്‍ശനമായി അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് എല്ലാവര്‍ക്കും കാണത്തക്കവിധം ക്ഷേത്രങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

കൂടാതെ തൃശൂര്‍ തേക്കിന്‍കാട് മൈതാനം പൊതുപരിപാടികള്‍ക്കായി വാടകയ്ക്ക് നല്‍കുമ്പോള്‍ ക്ഷേത്ര ചുറ്റുമതിലിന് പുറത്തുള്ളതും ക്ഷേത്രത്തിന്റ ഉടമസ്ഥതയിലുള്ളതുമായ സ്ഥലത്തോ കെട്ടിടങ്ങളിലോ ദേവസ്വം കമ്മീഷണറുടെയോ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയോ അനുമതിയോടെ മാത്രമേ കൊടി-തോരണങ്ങള്‍ അനുവദിക്കാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.

നേരത്തെ ഇതേ വിഷയത്തില്‍ ഹൈക്കോടതിയും സമാനമായി ഇടപെട്ടിട്ടിരുന്നു. ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖയെ നിരോധിച്ചുള്ള കോടതി വിധിക്കും ശേഷം തിരുവിതാംകൂര്‍ ദേവസ്വം പുറപ്പെടുവിച്ച സര്‍ക്കുലറിനും പിന്നാലെയാണ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം.

ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി വിധി കര്‍ശനമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ സര്‍ക്കുലര്‍. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസിന്റെ കൊടികള്‍ സ്ഥാപിക്കരുതെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം. ആചാരമര്യാദക്ക് വിരുദ്ധമായി ക്ഷേത്രവളപ്പില്‍ സംഘം ചേരുന്നതും നാമജപഘോഷവും നിരോധിച്ചിരുന്നു.

ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ക്ഷേത്ര പരിസരത്ത് ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങള്‍, ഫ്‌ലക്‌സുകള്‍, കൊടി-തോരണങ്ങള്‍, രാഷ്ട്രീയ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ടായിരുന്നു

ആര്‍.എസ്.എസും തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കുന്ന ചില പ്രാദേശിക സംഘടനകളും ക്ഷേത്ര മര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഭക്തരില്‍ നിന്ന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ദേവസ്വത്തിന്റെ നീക്കം.

ഇതിനുപിന്നാലെ ദേവസ്വത്തിന് കീഴിലുള്ള ഒന്നിലധികം ക്ഷേത്രങ്ങളെ ചുറ്റിപറ്റി ആര്‍.എസ്.എസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Content Highlight: No symbols of political organizations, flags or banners in temples; Government’s strict directive

We use cookies to give you the best possible experience. Learn more