| Sunday, 21st September 2025, 10:43 pm

സ്‌പോണ്‍സര്‍ വേണ്ട, നിയന്ത്രണങ്ങളില്ല; ഫീസ് വര്‍ധിപ്പിച്ച യു.എസ് എച്ച്-1 ബി വിസക്ക് മറുപടിയായി ചൈനയുടെ ചെലവുകുറഞ്ഞ കെ വിസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: യു.എസ് എച്ച്-1 ബി വിസയുടെ നിരക്ക് കുത്തനെയുയര്‍ത്തിയ നടപടിക്ക് മറുപടിയുമായി ചൈന. വിദേശികളായ പ്രൊഫഷണലുകളെ ആശങ്കയിലാക്കിയ യു.എസിന്റെ നടപടിക്ക് പിന്നാലെ പുതിയ വിസ പ്രഖ്യാപിച്ച്് വിദേശികളെ സ്വന്തം രാജ്യത്തേക്ക് ക്ഷണിക്കാനാണ് ചൈനയുടെ ശ്രമം. ഇതിന്റെ ഭാഗമായി ചൈന പുതുതായി അവതരിപ്പിച്ച കെ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഉന്നതവിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ അമേരിക്കക്കാരല്ലാത്ത പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന യു.എസ് വിസയാണ് എച്ച്-1 ബി വിസ.

പുതിയ തീരുമാനപ്രകാരം എച്ച്-1 ബി വിസയ്ക്ക് ഫീസായി ഒരു ലക്ഷം ഡോളര്‍ നല്‍കണം. സെപ്റ്റംബര്‍ 21 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചതോടെ ഇന്ത്യക്കാരടക്കമുള്ള യു.എസിലെ വിദേശികള്‍ വലിയ ആശങ്കയിലാണ്.

ഇതിനിടെയാണ് കെ വിസ അവതരിപ്പിച്ച് ചൈന വിദേശികളായ പ്രൊഫഷണലുകളെ ക്ഷണിച്ചിരിക്കുന്നത്. ഉയര്‍ന്നതലത്തിലുള്ള ജോലികള്‍ക്കായി വിദേശികള്‍ക്ക് കെ വിസയ്ക്ക് വേണ്ടി അപേക്ഷിക്കാം. ആഗോളതലത്തില്‍ ശ്രദ്ധേയമാകാനും 2035ഓടെ സാങ്കേതിക സൂപ്പര്‍പവറായി മാറാനുമുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമാണ് കെ വിസയും.

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകള്‍ക്കായാണ് കെ വിസ ഏര്‍പ്പെടുത്തുക. നിലവില്‍ പഠനം, ജോലി, ബിസിനസ്, കുടുംബത്തെ സന്ദര്‍ശിക്കാന്‍, തുടങ്ങി 12 വിഭാഗത്തിലാണ് ചൈന വിസ അനുവദിക്കുന്നത്. കെ വിസ പ്രാബല്യത്തില്‍ വരുന്നതോടെ 13 വിഭാഗമായി ഇതുയരും.

ചെലവേറിയ എച്ച്-1 ബി വിസയുമായി താരതമ്യം ചെയ്താല്‍ തുച്ഛമായ ചെലവ് മാത്രമുള്ളതാണ് ചൈനയുടെ കെ വിസ. എച്ച്-1 ബി വിസക്ക് കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കെ വിസക്ക് അത്തരം നിയന്ത്രണങ്ങളൊന്നുമില്ല. കെ വിസക്കായി അപേക്ഷിക്കുമ്പോള്‍ പ്രാദേശികമായി ജോലി ചെയ്തതിന്റെ അനുഭവപരിജ്ഞാനം വേണമെന്ന നിര്‍ബന്ധമില്ല.

വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ചൈനയില്‍ പ്രവേശിക്കാനും എത്രകാലം വേണമെങ്കിലും ജോലി ചെയ്യാനും കനത്തനിയന്ത്രണങ്ങളൊന്നുമില്ല. പ്രാദേശിക സ്‌പോണ്‍സര്‍ വേണമെന്ന നിബന്ധനയും കെ വിസയ്ക്കില്ല. പ്രായം, കഴിവ്, പഠനമികവ് എന്നിവ അടിസ്ഥാനമാക്കി മാത്രമായിരിക്കും വിസ അനുവദിക്കുകയെന്ന് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു.

ശാസ്ത്ര സാങ്കേതിക വിദ്യയിലും അനുബന്ധമായ മറ്റ് മേഖലകളിലും ജോലി ചെയ്യുന്ന യുവാക്കളെ ചൈനയിലേക്ക് ആകര്‍ഷിക്കാനായാണ് ഈ വിസ. അംഗീകൃതമായ സര്‍വകലാശാലകളില്‍ നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ ബിരുദം നേടിയവര്‍ക്ക് കെ വിസയ്ക്കായി അപേക്ഷിക്കാം.

എച്ച്-1 ബി വിസയുടെ ഫീസ് വര്‍ധനവോടെ യു.എസിലേക്കുള്ള യാത്ര ആശങ്കയിലായവര്‍ക്ക് കെ വിസയിലൂടെ ചൈനയിലേക്ക് പറക്കാന്‍ അവസരമൊരുങ്ങുകയാണ്.

Content Highlight: No sponsor K Visa; China’s low-cost visa is a response to the US H-1B visa

We use cookies to give you the best possible experience. Learn more