| Sunday, 25th January 2026, 4:41 pm

തമിഴ്നാട്ടില്‍ ഹിന്ദിക്ക് ഇടമില്ല; ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല: എം.കെ. സ്റ്റാലിന്‍

യെലന കെ.വി

ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദിക്ക് സ്ഥാനമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. മുന്‍കാലങ്ങളിലോ ഇപ്പോഴോ ഇനി വരാനിരിക്കുന്ന കാലത്തോ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാഷാ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ഭാഷാ സമരത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. ‘നമ്മുടെ ഉള്ളിലെ തമിഴ് വികാരം ഒരിക്കലും മരിക്കില്ല. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളെ നമുക്ക് ഒന്നിച്ച് എതിര്‍ക്കാം ‘ അദ്ദേഹം ആഹ്വാനം ചെയ്തു.

സ്വന്തം ഭാഷയെ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന ഏക സംസ്ഥാനം തമിഴ്നാടാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നപ്പോഴെല്ലാം സംസ്ഥാനം ഒറ്റക്കെട്ടായി അതിനെ ചെറുത്തിട്ടുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ ഭാഷാ കുടുംബങ്ങളുടെയും അവകാശങ്ങളും സ്വത്വവും സംരക്ഷിക്കുന്നതില്‍ തമിഴ്നാട് എന്നും മുന്‍പന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ് ഭാഷയുടെ സംരക്ഷണത്തിനും ഹിന്ദി വിരുദ്ധ പോരാട്ടത്തിനുമായി ജീവന്‍ ബലിനല്‍കിയ രക്തസാക്ഷികള്‍ക്ക് സ്റ്റാലിന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ ഇരുഭാഷാ നയത്തില്‍ മാറ്റമില്ലെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതിലെ രാഷ്ട്രീയ ഇടപെടലുകളില്‍ പ്രതിഷേധിച്ച തമിഴ്നാട്, ഇന്ത്യന്‍ ഭാഷകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ‘സെമ്മൊഴി ഇലക്കിയ വിരുതു’ എന്ന പുതിയ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ബംഗാളി, മറാത്തി എന്നീ ഏഴ് ഭാഷകളിലെ മികച്ച കൃതികള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. ഹിന്ദി ഭാഷയെ ഈ പട്ടികയില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കുകയും ചെയ്തു. ഈ അവാര്‍ഡ്, ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരായ തമിഴ്നാടിന്റെ സാംസ്‌കാരിക പോരാട്ടത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്.

content highlight: No space for Hindi then, now, or ever, says T.N. CM Stalin

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more