| Saturday, 17th May 2025, 11:12 pm

സില്‍വര്‍ ലൈനില്ല, മൂന്നാംപാതയില്ല, റെയില്‍വേ വികസനവുമില്ല, കേരളമെന്താ ഇന്ത്യയിലല്ലേ? ചോദ്യങ്ങളുമായി എം.വി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: റെയില്‍വേ വികസന പദ്ധതികളില്‍ സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റേയും പ്രതിപക്ഷത്തിന്റേയും സമീപനങ്ങളില്‍ വിമര്‍ശനവുമായി എം.വി. ജയരാജന്‍.

ഇരുപക്ഷങ്ങളുടേയും സമീപനങ്ങള്‍ കാരണം സംസ്ഥാനത്ത് നടപ്പിലാക്കേണ്ടിയിരുന്ന പല പദ്ധതികളും റെയില്‍വേ വികസനവും വഴിമുട്ടിയെന്നും എം.വി. ജയരാജയന്‍ വിമര്‍ശിച്ചു. മുടങ്ങിപ്പോയ സില്‍വര്‍ ലൈനടക്കമുള്ള റെയില്‍വേ പദ്ധതികള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സില്‍വര്‍ ലൈന്‍ റെയില്‍പാത കേരള റെയില്‍വേ കോര്‍പ്പറേഷനും ഇന്ത്യന്‍ റെയില്‍വേയും സംയുക്ത സംരംഭമെന്ന നിലയില്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ചതായിരുന്നു. ഇരുകൂട്ടരും ഇത് സംബന്ധിച്ച് ധാരണയുണ്ടാക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ വികസനവിരുദ്ധരായ പ്രതിപക്ഷത്തിന്റെ കുറ്റിപറിക്കല്‍ സമരം മൂലം പദ്ധതി ഒഴിവാക്കേണ്ടി വന്നെന്ന് എം.വി. ജയരാജന്‍ പറഞ്ഞു.

തിരുവനന്തപുരം ഡിവിഷന്‍ പരിധിയിലെ റെയില്‍വികസനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ എം.പി.മാരുടെ യോഗം വിളിച്ചപ്പോള്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍ സിങ്‌ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

സില്‍വര്‍ ലൈന്‍ ബ്രോഡ്ഗേജ് ആയി മാത്രമേ അനുവദിക്കൂ എന്നും മുംബൈ-പൂനെ അതിവേഗപാതയടക്കമുള്ള എല്ലാ പാതകളും ഇപ്പോള്‍ ആരംഭിക്കുന്നത് സ്റ്റാന്റേര്‍ഡ് ഗേജ് ആയിട്ടാണെന്നും എം.വി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല സില്‍വര്‍ ലൈനിന് പകരമായി പ്രഖ്യാപിച്ച മൂന്നാം പാത ഇപ്പോള്‍ നിര്‍മിക്കാനാവില്ലെന്നും വളവ് തിരിവുകള്‍ നേരെയാക്കാനാവില്ലെന്നും റെയില്‍വേ ജനറല്‍ മാനേജര്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടെ മൂന്നാംപാതയും കേരളത്തിലില്ലെന്ന് വ്യക്തമായെന്നും പുതിയ തീവണ്ടികള്‍ക്ക് ഓടാനുള്ള പാത കേരളത്തില്‍ നിലവിലില്ലാത്തതുകൊണ്ട് പുതിയ തീവണ്ടികളും ലഭിക്കില്ലെന്നും എം.വി. ജയരാജന്‍ ചൂണ്ടിക്കാട്ടി.

‘ശബരിമല പാതയ്ക്കാവശ്യമായ പണമില്ല. മൈസൂര്‍-നഞ്ചങ്കോട് പാതയില്ല. കേരളത്തില്‍ കണ്ണൂര്‍ അടക്കമുള്ള പ്രധാന റെയില്‍വേസ്റ്റേഷനുകളുടെ ഭൂമിയാവട്ടെ, സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കുകയാണ്. ചുരുക്കത്തില്‍ കേരളത്തില്‍ സില്‍വറില്ല, മൂന്നാംപാതയില്ല, റെയില്‍വേ വികസനവുമില്ല. കേരളമെന്താ ഇന്ത്യയിലല്ലേ? എം.വി. ജയരാജന്‍ ചോദിച്ചു.

Content Highlight: No Silver line, no third route, no railway development, is Kerala not in India? M.V Jayarajan asks

We use cookies to give you the best possible experience. Learn more