| Saturday, 26th July 2025, 10:05 am

റോഡില്ല, വാഹനമില്ല; വട്ടവടയില്‍ ആദിവാസി സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് അഞ്ച് കിലോമീറ്റർ ചുമന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വട്ടവട: റോഡുകൾ തകർന്നതിനാൽ വാഹന സൗകര്യമില്ലാത്തതിനാൽ വട്ടവടയിൽ പരിക്കേറ്റ ആദിവാസി സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് അഞ്ച് കിലോമീറ്റർ പുതപ്പിൽ കേട്ട് ചുമന്നെന്ന് റിപ്പോർട്ട്.

വത്സപ്പെട്ടി ഉന്നതിയിലെ ആര്‍. ഗാന്ധിയമ്മാളിനെയാണ് ചുമന്ന് മറയൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. പാറയില്‍ നിന്നും തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ ഗാന്ധിയമ്മാളിനെ ആശുപത്രിയിലെത്തിക്കാൻ വാഹന സൗകര്യമില്ലാത്തതിനാൽ കിലോമീറ്ററുകളോളം ചുമക്കേണ്ടി വരികയായിരുന്നു.

പുതപ്പില്‍ കെട്ടി 50 പേര്‍ ചേര്‍ന്ന് വയോധികയെ ചുമക്കുകയായിരുന്നു. 2019ലെ പ്രളയത്തില്‍ തകര്‍ന്നതാണ് പ്രദേശത്തെ റോഡ്. ഇതുവരെയും റോഡ് നവീകരിച്ചിട്ടില്ലാത്തതാണ് ഇത്തരം ദുരിതങ്ങൾക്ക് കാണണമാകുന്നത്. ഗാന്ധിയമ്മാളിനെ ചുമന്ന് മറയൂരിലെ കോവിൽക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അതേസമയം ആദിവാസി ഉന്നതിയിലേക്ക് റോഡ് നിർമിക്കാൻ 30 ലക്ഷം രൂപ അനുവദിച്ചിരുന്നുവെന്നും റോഡിൻ്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു ദേവികുളം എം.എൽ.എ എ രാജയുടെ പ്രതികരണം.

ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും കൂട്ടായി ശ്രമിക്കണമെന്നും എം.എൽ. എ പറഞ്ഞു. ദേവികുളം മണ്ഡലത്തിൽ മാത്രം 146 ആദിവാസി ഉന്നതികൾ ഉണ്ട്. ഘട്ടം ഘട്ടമായി ഓരോ ഉന്നതികളിലേയും വികസന പ്രവർത്തികൾ നടന്നുവരികയാണെന്നും എം.എൽ.എ പറയുന്നു.

Content Highlight: No road, no vehicle; Tribal woman carried five kilometers to hospital in Vattavada

We use cookies to give you the best possible experience. Learn more