| Sunday, 24th August 2025, 9:12 pm

രാജിയില്ല; പകരം രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പകരം രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ ഒഴിവാക്കും. വരുന്ന തെരഞ്ഞെടുപ്പില്‍ രാഹുലിന് സീറ്റ് നല്‍കാതിരിക്കാനും തീരുമാനമായിട്ടുണ്ട്.

നടപടിയുണ്ടായാല്‍ നിയമസഭയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന് പങ്കെടുക്കാന്‍ കഴിയില്ല. വ്യക്തിപരമായി രാജിവെക്കാത്തിടത്തോളം രാഹുലിന് സ്വതന്ത്ര എം.എല്‍.എയായി തുടരേണ്ടി വരും.

കൂടാതെ രാഹുലുമായി ബന്ധപ്പെട്ട ഒരു വിവാദങ്ങളിലും മറുപടി പറയാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിന് ഉണ്ടാകില്ല. മാത്രമല്ല നിലവിലുള്ള ആരോപണങ്ങളിലെ നിയമനടപടി ഉള്‍പ്പെടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തിപരമായി കൈകാര്യം ചെയ്യേണ്ടിയും വരും.

ഒരു വര്‍ഷത്തിന് താഴെയാണ് കാലാവധിയെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തില്ല എന്നതാണ് മാനദണ്ഡം. എന്നാല്‍ ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ കേരളത്തിൽ പീരുമേട്, പാലക്കാട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ളത്.

പീരുമേട് എം.എൽ.എ വാഴൂർ സോമൻ മരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കായിരിക്കും തെരഞ്ഞെടുപ്പുണ്ടാകുക.  എന്നാല്‍ ജനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ തന്നെ അത് ബി.ജെ.പിക്ക് സാധ്യത നല്‍കുമെന്ന വിലയിരുത്തലുമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് കോണ്‍ഗ്രസിന്റെ നിര്‍ണായകമായ തീരുമാനം. പ്രമുഖരായ വ്യക്തികളില്‍ നിന്നടക്കം നിയമോപദേശം തേടിയതിന് ശേഷമാണ് കോണ്‍ഗ്രസ് ഈ തീരുമാനത്തിലെത്തിയത്.

അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിര്‍ന്ന നേതാക്കളായ വി.എന്‍. സുധീരന്‍, കെ. മുരളീധരന്‍, വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ഉമാ തോമസ്, ബിന്ദു കൃഷ്ണ തുടങ്ങി നിരവധി നേതാക്കള്‍ രാഹുലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പാര്‍ട്ടിയുടെ നിര്‍ണകമായ തീരുമാനം വരുന്നത്. മാതൃകാപരമായ നടപടിയാണ് ഉണ്ടാകേണ്ടതെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം.

Content Highlight: No resignation; instead, Rahul will be suspended from the party

We use cookies to give you the best possible experience. Learn more