| Wednesday, 20th August 2025, 1:40 pm

ജയിലിലടച്ച മന്ത്രിമാരെ പുറത്താക്കുന്ന ബില്ലില്‍ യാതൊരു പ്രശ്‌നവുമില്ല; വിവാദ ബില്ലിനെ പിന്തുണച്ച് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു മാസം ജയിലിച്ചിലിടച്ച മന്ത്രിമാരെ പുറത്താക്കാനുള്ള ബില്‍ കേന്ദ്രം അവതരിപ്പിക്കാന്‍ ഇരിക്കെ ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തരൂരിന്റെ ഈ നിലപാട്.

ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായി മുപ്പത് ദിവസത്തിന് മുകളിൽ തടവിൽ കഴിയുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള മന്ത്രിമാരെ നീക്കം ചെയ്യുന്ന ബില്ലാണിത്. ബിൽ ഉടൻതന്നെ (ബുധൻ) ലോക് സഭയിൽ ബിൽ അവതരിപ്പിക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാർ എന്നിവരെയടക്കം നീക്കം ചെയ്യാൻ പുതിയ ബില്ലിലൂടെ കഴിയും.

ഈ ബിൽ അനുസരിച്ച് അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, സഹമന്ത്രി എന്നിവരുൾപ്പെടെ ഏതൊരു മന്ത്രിയെയും അറസ്റ്റ് ചെയ്ത് 30 ദിവസം തുടർച്ചയായി തടങ്കലിൽ വെച്ചാൽ അവരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാം.

ഭരണഘടനാപരമായ ധാർമികത സംരക്ഷിക്കുക, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ പൊതുജന വിശ്വാസം ഉറപ്പാക്കുക എന്നിവയാണ് ബില്ലിന്റെ ലക്ഷ്യങ്ങളെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ബി.ജെ.പി സർക്കാർ തങ്ങളുടെ താത്പര്യത്തിനനുസരിച്ച് സംസ്ഥാനങ്ങളിൽ കൈകടത്താനും ഭീഷണിപ്പെടുത്താനും വേണ്ടി ഈ നിയമം ഉപയോഗിക്കുമെന്നാണ് വിമർശനം. മുൻ ദൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും ഈ നിയമവുമായി കൂട്ടിവായിക്കാവുന്നതാണ്. ഇതിനിടയിലാണ് ബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ പരാമർശം.

ജനാധിപത്യത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണ് പുതിയ ബിൽ എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. ബില്ലിൻ്റെ യാഥാർത്ഥ്യ ഉദ്ദേശം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുകയാണ്. കേന്ദ്ര ഏജൻസികൾ ഇപ്പോൾതന്നെ പ്രതിപക്ഷങ്ങളെ വേട്ടയാടാൻ തുനിഞ്ഞിറങ്ങിയ കാലഘട്ടമാണ്. ഈ ഭേദഗതി ബിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഭേദഗതിയെ അതിശക്തമായി പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: No problem with bill to remove jailed ministers; Shashi Tharoor supports controversial bill

We use cookies to give you the best possible experience. Learn more