കൊച്ചി: രണ്ട് ലിറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണവുമായി ഹൈക്കോടതി. വിവാഹ ചടങ്ങുകളില്‍ ഉള്‍പ്പെടെ രണ്ട് ലിറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ വിതരണം ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവ്.
കല്യാണ വീടുകളില്‍ ഉള്‍പ്പെടെ വെള്ളം വിതരണം ചെയ്യുമ്പോള്‍ കുപ്പികള്‍ ഉപയോഗിക്കേണ്ടെന്നും ഗ്ലാസുകളില്‍ നല്‍കിയാല്‍ മതിയെന്നും ഹൈക്കോടതി വ്യക്തമാക്കി. വരുന്ന ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി മുതല്‍ പ്ലാസ്റ്റിക് കുപ്പികളുടെ നിരോധനം കര്‍ശനമാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
മലയോര പ്രദേശങ്ങള്‍, ഹൈറേഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുപോകരുതെന്നും ഉത്തരവുണ്ട്.
ആവശ്യത്തിന് കുടിവെള്ളം ഉറപ്പ് വരുത്തുന്നതിനായി വലിയ കാനുകള്‍ സ്ഥാപിക്കണമെന്നും ജ്യൂസ്, ശീതളപാനീയങ്ങള്‍ തുടങ്ങിയവ കുപ്പികളില്‍ വിതരണം ചെയ്യേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്ലാസ്റ്റിക് കുപ്പികളുടെ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങള്‍ നേരിടുന്ന സാഹചര്യങ്ങളിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. നേരത്തെയും ഹൈക്കോടതി ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.
മാലിന്യസംസ്‌ക്കരണവുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതി പരിഗണിച്ചത്. ഇത് സംബന്ധിച്ച് ഏതൊക്കെ ഏരിയകളില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ വിശദീകരണം ചോദിച്ചിരുന്നു. 79 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Content Highlight: No plastic bottles; High Court says restrictions will be imposed in hilly areas and wedding ceremonies