മണിപ്പൂർ: കഴിഞ്ഞ ദിവസം നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മണിപ്പൂർ ജനത.
കുക്കി- മെയ്തി സംഘർഷങ്ങൾക്ക് ശേഷം മണിപ്പൂരിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനത്തിലാണ് ജനത അതൃപ്തി പ്രകടിപ്പിച്ചത്.
പ്രധാനമന്ത്രിയോട് പ്രത്യേക ഭരണത്തെക്കുറിച്ച് ഒന്നും ചോദിക്കരുതെന്നും ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നും നിർദേശമുണ്ടായിരുന്നെന്നും ചുരാചന്ദ്പൂരിലെ പ്രദേശവാസി പറഞ്ഞു.
പ്രധാനമന്ത്രി ഹിന്ദിയിൽ സംസാരിച്ചതിൽ ഒരു വിഭാഗം പ്രദേശവാസികൾ അതൃപ്തി പ്രകടിപ്പിച്ചു.
മിസോറാമിൽ അദ്ദേഹം ഇംഗ്ലീഷിലാണ് പ്രസംഗിച്ചതെന്നും, ചുരാചന്ദ്പൂരിൽ ഹിന്ദിയിൽ പ്രസംഗിച്ച പ്രധാനമന്ത്രി അവരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്തില്ലെന്നും പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു പ്രദേശവാസിയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
സംഘർഷം പരിഹരിക്കാനുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചില്ലെന്നും സർക്കാരിന് അതിനായി പദ്ധതികൾ ഉണ്ടെന്നും അത് പറയുമെന്ന് തങ്ങൾ ആഗ്രഹിച്ചെന്നും മറ്റൊരു തദ്ദേശവാസിയായ മുങ് ഹാൻഘൽ പറഞ്ഞു. ഇൻഫാലിലെ ജനങ്ങളും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
ഇംഫാലിൽ, പ്രധാനമന്ത്രി ആളുകളെ അഭിസംബോധന ചെയ്യുന്നതിനുമുമ്പ് കുടിയേറ്റക്കാരെ
കണ്ടിരുന്നു. അവരിൽ ചിലർ പൊട്ടിക്കരഞ്ഞതായും റിപ്പോർട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം തോന്നിയില്ലെന്ന് ചില പ്രദേശവാസികൾ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനം ചില വികസന പ്രഖ്യാപനങ്ങൾ കൊണ്ടുവന്നു എന്നാൽ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മെയ്തി കുടുംബങ്ങളുടെ പുനരധിവാസത്തെക്കുറിച്ച് പറഞ്ഞില്ലെന്നും ഇംഫാൽ നിവാസിയായ ലെയ്‌ഷാങ്‌തെം പ്രിയോ പറഞ്ഞു.
ആളുകൾക്ക് അവരുടെ വീടുകളിലേക്ക് എപ്പോഴാണ് മടങ്ങാൻ കഴിയുക, എങ്ങനെയാണ് അവരുടെ സുരക്ഷ ഉറപ്പാക്കുക, എന്തൊക്കെ പുനരധിവാസ പാക്കേജുകളാണ് വാഗ്ദാനം ചെയ്യുക എന്നെ ചോദ്യങ്ങളും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: No plans for conflict resolution; Dissatisfaction with Prime Minister’s visit to Manipur