| Monday, 16th April 2012, 12:16 pm

പാലിനെ അപകീര്‍ത്തിപ്പെടുത്തി, കാഡ്ബറിയ്‌ക്കെതിരെ അമൂല്‍ നിയമനടപടിയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശരീരത്തിന് ആവശ്യമായ എല്ലാ പോഷകാംശങ്ങളും നല്‍കാന്‍ ശുദ്ധമായ പാലിനാകുമോ, ആയാലും ഇല്ലെങ്കിലും ഈ ചോദ്യം രണ്ട് പ്രധാന പാലുല്‍പന്ന നിര്‍മാതാക്കള്‍ക്കിടയില്‍ തമ്മിലടിയ്ക്ക് കാരണമായിരിക്കുകയാണ്. അമൂലും, ക്രാറ്റ് ഫുഡിന്റെ കീഴിലുള്ള കാഡ്ബറിയും തമ്മിലാണ് ആ പോഷകമൂല്യയുദ്ധം.

കാഡ്ബറിയ്‌ക്കെതിരെ അമൂല്‍ നിയമയുദ്ധം തുടങ്ങുകയും ചെയ്തു. ഹെല്‍ത്ത് ഡ്രിങ്കായ ബോണ്‍വിറ്റയുടെ പരസ്യത്തിന് കാഡ്ബറി ഉപയോഗിച്ച വാക്കുകളാണ് അമൂലിനെ ചൊടിപ്പിച്ചിരിക്കുന്നത്. പാലിന് മാത്രം എല്ലാ പോഷകമൂല്യങ്ങളും നല്‍കാനാവില്ലെന്ന കാഡ്ബറിയുടെ പരസ്യവാചകം മുഴുവന്‍ പാല്‍ വ്യവസായത്തെയും ബാധിച്ചെന്നും ഇത് ഉപഭോക്താക്കളെ വഴിതെറ്റിക്കലാണെന്നുമാണ് അമൂലിന്റെ വാദം.

” വിറ്റാമിന്റെ ഏറ്റവും നല്ല ഉറവിടമായ പാലില്‍ എല്ലാ പോഷകമൂല്യങ്ങളും അടങ്ങിയിട്ടുണ്ട്.” ഗുജറാത്ത് കോര്‍പ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡി മാനേജിംഗ് ഡയറക്ടര്‍ ആര്‍.എസ് സോധി പറഞ്ഞു. ” പാലിന്റെ ഗുണങ്ങളെ തരംതാഴ്ത്താന്‍ കാഡ്ബറി ശ്രമിച്ചിരിക്കുകയാണ്. ഇത് ഉപഭോക്താക്കളെ വഴിതെറ്റിക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” നൂറ്റാണ്ടുകളായി ആളുകള്‍ പാല്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. മറ്റൊരു ബാഹ്യഘടകത്തിന്റെയും സഹായമില്ലാതെ തന്നെ ആളുകള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ പാലില്‍ നിന്ന് ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഇതിനെതിരായ പ്രചരണങ്ങള്‍ക്ക് അമൂല്‍ മാത്രമല്ല എല്ലാ പാല്‍വ്യവസായ സ്ഥാപനങ്ങളും എതിരാണ്. ഞങ്ങള്‍ കമ്പനിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും” സോധി പറഞ്ഞു.

പാലിന് മാത്രമായി എല്ലാ പോഷകാംശങ്ങളും നല്‍കാനാവില്ലെന്ന് പറഞ്ഞ് ഒരു വര്‍ഷമായി കാഡ്ബറി ബോണ്‍വിറ്റയ്ക്കുവേണ്ടിയുള്ള കാംപെയ്ന്‍ ആരംഭിച്ചിട്ട്. അടുത്തകാലത്തായി പാലിന്റെ ഗുണം കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ബോണ്‍വിറ്റപോലുള്ള ഘടകങ്ങള്‍ ചേര്‍ത്ത പാല്‍മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്ന് പറയുന്നതാണ് പരസ്യം.

സംഭവവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കിതുവരെ ലീഗല്‍നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കുന്നില്ലെന്നും കാഡ്ബറി വക്താവ് പറഞ്ഞു. സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാത്തതും ജീവരീതികളിലുണ്ടായ മാറ്റങ്ങളും കാരണം കുട്ടികളില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെന്നും അദ്ദേഹം പറഞ്ഞു. പാലില്‍ നിന്നും കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാിമിന്‍ ഡിയാണ്. പാലില്‍ നിന്നും കാല്‍ത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡി ബോണ്‍വിറ്റയില്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more