തിരുവനന്തപുരം: പതിനെട്ട് വയസുവരെയുള്ള കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷന്‍.
ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നിയമം നിര്‍മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ച് തുടര്‍നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍, അംഗം ഷാജേഷ് ഭാസ്‌കര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വനിതാ-ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും, സംസ്ഥാന പോലീസ് മേധാവിയും ഉള്‍പ്പെടുന്നതാകണം ഉന്നതതല സമിതിയെന്നും ഉത്തരവില്‍ പറയുന്നു.
കോവിഡിന് ശേഷം സ്‌ക്രീന്‍ അഡിക്ഷന്‍ കുട്ടികളില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്, മൊബൈല്‍ ഗെയിമുകള്‍, സോഷ്യല്‍മീഡിയ, എന്നിവയുടെ അമിതമായ ഉപയോഗം മാനസിക-ശാരീരിക- വൈകാരിക വിദ്യാഭ്യാസ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ടെത്തലുകള്‍ കമ്മീഷന്‍ ശെരിവെച്ചു.
രണ്ട് വയസുവരെ കുട്ടികള്‍ക്ക് വീഡിയോകോള്‍ ഒഴികെ സ്‌ക്രീന്‍ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കണം. അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അറിവോടെ ഒരു മണിക്കൂറായി നിജപ്പെടുത്തണം. പന്ത്രണ്ട് വയസുവരെ സ്‌ക്രീന്‍ സമയം പരമാവധി രണ്ട് മണിക്കൂറായി നിയന്ത്രിക്കണം. പതിനെട്ട് വയസുവരെ പഠനത്തിനുപുറമെ സ്‌ക്രീന്‍ സമയം രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തണം തുടങ്ങിയ മാനസികാരോഗ്യ വിദഗ്ധരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കണ്ടെത്തലുകളും കമ്മിഷന്‍ അംഗീകരിച്ചു.
കുട്ടികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണോ, ടാബോ കൊണ്ടുവരാനോ ഉപയോഗിക്കുവാനോ പാടില്ല. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ കുട്ടി മൊബൈല്‍ ഫോണ്‍ കൊണ്ടുവരുകയാണെങ്കില്‍ രക്ഷിതാവിന്റെ അപേക്ഷ സഹിതം ക്ലാസ്സ് ടീച്ചര്‍ക്ക് കൈമാറണം, നിയന്ത്രിതമായി ഉപയോഗിക്കാവുന്നതുമാണ്. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി കുട്ടികള്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുവന്നാല്‍ കുട്ടിക്ക് താക്കീത് നല്‍കണം. കുറ്റം ആവര്‍ത്തിച്ചാല്‍ ഉപകരണം പിടിച്ചെടുത്ത് ഏഴ് ദിവസത്തിനുശേഷം രക്ഷിതാവിനെ വിളിച്ചുവരുത്തി തിരികെ നല്‍കണം. തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു.
മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നതിന് ബാഗ് പരിശോധനയും, ദേഹ പരിശോധനയും നടത്തുന്നത് കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ഭംഗം വരുന്ന തരത്തിലാവരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അധ്യാപകര്‍ കുട്ടികളോട് സൗഹാര്‍ദത്തോടെ പെരുമാറണം. സ്‌കൂളിലെ ഫോണ്‍ ഉപയോഗം സംബന്ധിച്ച് അധ്യയനവര്‍ഷാരംഭം പി.ടി.എ മുഖാന്തരം അച്ചടിച്ച നിര്‍ദേശങ്ങള്‍ രക്ഷിതാക്കള്‍ക്ക് നല്‍കണം.
ഡിജിറ്റല്‍ അവബോധം സംബന്ധിച്ച് ഒരു അധ്യയനവര്‍ഷം വിദഗ്ധരുടെ രണ്ട് മണിക്കൂര്‍ ക്ലാസ്സ് നാല് തവണ സ്‌കൂളിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കണം. കായിക വിനോദങ്ങള്‍, യോഗ, എയ്‌റോബിക്‌സ്, വിവിധ ഭാഷാ ക്ലാസുകള്‍, സാഹിത്യ ശാസ്ത്ര ക്ലബുകള്‍, വായന, ക്രാഫ്റ്റ്, കൈത്തൊഴില്‍ എന്നിവയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കണം. കമ്മീഷന്‍ ഉത്തരവിലെ ശുപാര്‍ശകള്‍ 2026-27 അദ്ധ്യായന വര്‍ഷം മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നടപ്പിലാക്കണം. ഉത്തരവില്‍ പറയുന്നു.
പാലക്കാട് കുമരനല്ലൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഫോണ്‍ ഉപയോഗിക്കുകയും ഫോണ്‍ തിരികെ നല്‍കാത്തതില്‍ ക്ഷുഭിതനാകുകയും പ്രിന്‍സിപ്പലിനെ വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തു കയും ചെയ്ത സംഭവം മാധ്യമവാര്‍ത്തയാവുകയും കമ്മിഷന്‍ സ്വമേധയാ നടപടി സ്വീകരിക്കകയുമായിരുന്നു. കമ്മിഷന്‍ ശുപാര്‍ശകളിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ കമ്മിഷന്‍ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം 30 ദിവസത്തിനകം ലഭ്യമാക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlight: No phones until the age of 18; Law needed to reduce children’s screen time: Child Rights Commission