| Tuesday, 3rd February 2026, 7:15 am

യു.പിയില്‍ സ്വകാര്യ ഇടങ്ങളില്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്താന്‍ അനുമതി വേണ്ട: അലഹാബാദ് ഹൈക്കോടതി

നിഷാന. വി.വി

പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്ഥലങ്ങളില്‍ മതപരമായ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്താന്‍ അനുമതി ആവശ്യമില്ലെന്ന് അലഹാബാദ് ഹൈക്കോടതി.

എന്നാല്‍ മതപരമായ ഒത്തുച്ചേരലുകള്‍ പൊതുവഴിയിലേക്കോ പൊതുസ്വത്തിലേക്കോ വ്യാപിച്ചാല്‍ പരാതിക്കാര്‍ പൊലീസിനെ അറിയിക്കണമെന്നും കോടതി പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളില്‍ നിയമപ്രകാരം ആവശ്യമായ അനുമതി വാങ്ങണമെന്നും കോടതി വ്യക്തമാക്കി.

സ്വകാര്യ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടനകളായ മാറനാഥ ഫുള്‍ ഗോസ്പ്പല്‍ മിനിസ്ട്രിസും ഇമ്മാനുവല്‍ ഗ്രേസ് ചാരിറ്റബിള്‍ ട്രസ്റ്റും സമര്‍പ്പിച്ച സമാന ഹരജികള്‍ പരിഗണിക്കവേയായിരുന്നു കോടതി നിരീക്ഷണം.

അനുമതി തേടേണ്ട ആവശ്യമില്ലെന്ന യു.പി സര്‍ക്കാരിന്റെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് അതുല്‍ ശ്രീധരന്‍, ജസ്റ്റിസ് സിദ്ധാര്‍ത്ഥ് നന്ദന്‍ എന്നിവരടങ്ങിയ ബെഞ്ച് രണ്ട് റിട്ട് ഹരജികളും തീര്‍പ്പാക്കിയത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മൗലികാവകാശത്തിന്റെ ഭാഗമായ മത സ്വാതന്ത്ര്യം കൈകാര്യം ചെയ്യുന്ന പ്രവൃത്തി പിന്തുടരാന്‍ നിയപ്രകാരം ആരുടേയും അനുമതി തേടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

രണ്ട് ക്രിസ്ത്യന്‍ സംഘടനകളും അവരുടെ സ്വകാര്യ സ്ഥലത്ത് മതപരപമായ ആരാധന നടത്താന്‍ അനുമതി തേടിയെങ്കിലും സംസ്ഥാനം നടപടിയെടുത്തില്ലെന്ന് കാണിച്ചായിരുന്നു ഇരു സംഘടനകളുടെയും ഹരജി.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ പരിസരത്ത് പ്രാര്‍ത്ഥന നടത്താന്‍ ഹരജിക്കാര്‍ക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ട് കോടതി ഹരജി തീര്‍പ്പാക്കി.

ആവശ്യമെങ്കില്‍ സംരക്ഷണം നല്‍കേണ്ടത് സംസ്ഥാനത്തിന്റെ വിവേചനാധികാരത്തിലാണെന്നും എന്നിരുന്നാലും ഹരജിക്കാരന്റെ സ്വത്ത്, അവകാശങ്ങള്‍ ജീവന്‍ എന്നിവ എന്ത് വിലക്കൊടുത്തും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ അനുബന്ധ കടമായാണെന്നും കോടതി നിരീക്ഷിച്ചു.

Content Highlight: No permission required to hold prayer meetings in private places in UP: Allahabad High Court

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more