| Wednesday, 16th July 2025, 10:11 am

നിമിഷപ്രിയക്ക് മാപ്പില്ല; തലാലിന്റെ സഹോദരന്‍ ഉറച്ച നിലപാടില്ലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: നിമിഷപ്രിയക്ക് മാപ്പ് നല്‍കില്ലെന്ന ഉറച്ച നിലപാടില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദോ മഹ്ദിയുടെ സഹോദരന്‍. ഒരു ഒത്തു തീര്‍പ്പിനുമില്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സഹോദരന്‍ ഒഴികെയുള്ള കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ നിമിഷപ്രിയക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബന്ധുക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ലെന്നും സഹോദരനെ അടക്കം അനുനയിപ്പിക്കാനുള്ള ശ്രമമാണ് തുടരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നായിരുന്നു (ജൂലൈ 16) നിമിഷപ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരുന്നത്.

ഇതിനിടെയുണ്ടായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഏതാനും സൂഫി പണ്ഡിതര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് യെമന്‍ കോടതി നിമിഷയുടെ വധശിക്ഷ മരവിപ്പിച്ചിരുന്നു.

നേരത്തെ തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ നിമിഷപ്രിയയുടെ ആക്ഷന്‍ കൗണ്‍സിലിന് സാധിച്ചിരുന്നില്ല. എന്നാല്‍ കാന്തപുരത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് യെമനിലെ സൂഫി പണ്ഡിതര്‍ കുടുംബവുമായി നേരിട്ട് സംസാരിക്കുകയായിരുന്നു. സൂഫി പണ്ഡിതന്‍ ഹബീബ് ഉമറാണ് നിമിഷയുടെ മോചനത്തിനായുള്ള യെമനിലെ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തലാല്‍ അബ്ദു മഹ്ദിയെ കൊല്ലപ്പെടുത്തി ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് നിമിഷക്കെതിരെയുള്ള കേസ്. 2017 മുതല്‍ നിമിഷ സനയിലെ ജയിലില്‍ കഴിയുകയാണ്.

തലാലിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ യെമനില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. എന്നാല്‍ നിമിഷയുടെ പാസ്പോര്‍ട്ട് കൈവശപ്പെടുത്തി പീഡനത്തിന് ഇരയാകാന്‍ ശ്രമിച്ചതോടെ നിമിഷപ്രിയയും സുഹൃത്തും ചേര്‍ന്ന് തലാലിനെ കൊലപ്പെടുത്തുകയായിരുന്നു. 2017ലായിരുന്നു കൊലപാതകം.

വധശിക്ഷ ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസിയും ഇറാനും ഉള്‍പ്പെടെ ഇടപെടല്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. മോചനവുമായി ബന്ധപ്പെട്ട് നിമിഷയുടെ അമ്മ പ്രേമകുമാരി യെമന്‍ തലസ്ഥാനമായ സനയില്‍ എത്തിയിരുന്നു. 2020ലാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്.

Content Highlight: No pardon for nimishapriya; Talal’s brother reportedly has no firm stand

We use cookies to give you the best possible experience. Learn more