| Tuesday, 6th January 2026, 8:57 am

സി.പി.ഐ.എം അല്ലാതെ മറ്റൊരു പാര്‍ട്ടിയും പരസ്യമായി പിന്തുണച്ചില്ല; വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് വക്താവ്

നിഷാന. വി.വി

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് വക്താവ് സജ്ഞയ് ഝാ. ദല്‍ഹി കലാപാഹ്വാന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് പരസ്യ പിന്തുണ നല്‍കിയത് സി.പി.ഐ.എം  മാത്രമാണെന്ന അദ്ദേഹം പറഞ്ഞു.

മറ്റ് പ്രതിപക്ഷ പാര്‍ട്ടികളൊന്നും പിന്തുണ നല്‍കാത്തത് നിരാശാജനകമാണെന്നും കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവും എഴുത്തുകാരനുമായ സജ്ഞയ് ഝാ വിമര്‍ശിച്ചു.

‘അഞ്ച് വര്‍ഷത്തോളമായി ഒരു മനുഷ്യനെ വിചാരണയോ ശിക്ഷയോ കൂടാതെ ജയിലിലടച്ചിരിക്കുന്നു. പരമോന്നത കോടതി തന്നെ ‘ജയിലല്ല ജാമ്യം’എന്ന സ്വന്തം തത്വം റദ്ദാക്കുകയും ചെയ്യുമ്പോള്‍ നീതി എവിടെ എന്ന് നാം അത്ഭുതപ്പെടുന്നു,’ അദ്ദേഹം പറഞ്ഞു.

ബലാത്സംഗ കുറ്റവാളി തുടര്‍ച്ചയായി  പരോളില്‍ ഇറങ്ങുന്നുവെന്നും, ദേര സച്ചാ സൗദ തലവന്‍ ഗുര്‍മിത് റാം റഹീം സിങ്ങിന്റെ പതിനഞ്ചാമത്തെ പരോളിനെ ചൂണ്ടികാട്ടി സജ്ഞയ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രഖ്യാപിത മൂല്യങ്ങളില്‍ നിന്ന് അകന്നുവെന്ന പരസ്യ പ്രസ്താവനയെ തുടര്‍ന്ന് 2020 ല്‍ അദ്ദേഹത്തെ വക്താവ് സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.

2020ലാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ദല്‍ഹി കലാപം നടക്കുന്നത്. ഈ കലാപത്തിനായി വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങിയവരെ ഗൂഢാലോചന നടത്തിയെന്നും പ്രകോപനമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തിയെന്നടക്കം ആരോപിച്ചായിരുന്നു ജയിലിലടച്ചത്.

അഞ്ച് വര്‍ഷത്തോളമായി ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം  തുടങ്ങിയവര്‍ ജയിലില്‍ കഴിയുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവര്‍ക്കുമൊഴികെ പ്രതിചേര്‍ക്കപ്പെട്ട മറ്റ് അഞ്ച് പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Content Highlight: No other party publicly supported the CPI(M); Former Congress spokesperson criticizes

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more