ആലപ്പുഴ: മെഡിക്കല്‍ കോളേജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണവും വിതരണം ചെയ്യേണ്ടതില്ലെന്നും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ജി. സുധാകരന്‍.
വയലാര്‍ രാമവര്‍മയുടെ കവിതകളെ മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് മെഡിക്കല്‍ കോളേജുകളിലെ ഭക്ഷണവിതരണത്തെ കുറിച്ചും മറ്റും അദ്ദേഹം സംസാരിച്ചത്.
മൂന്നാഴ്ച മുമ്പ് താനും കെ.സി. വേണുപാലും കളക്ടറും സൂപ്രണ്ടും പങ്കെടുത്ത യോഗത്തില്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ ഇത്തരത്തില്‍ ഒരു സംഘടനകളും ഭക്ഷണവിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ ആ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു,
‘ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് മൂന്നാഴ്ച മുന്‍പ് ഞാനും കെ.സി. വേണുപാലും കളക്ടറും സൂപ്രണ്ടും ഉള്‍പ്പെടെ നാലുപേര്‍ പങ്കെടുത്ത ഒരു യോഗം ചേര്‍ന്നിരുന്നു. മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ കൊടികളും ഷെഡുകളും സ്ഥാപിച്ച് അന്നദാനവും കഞ്ഞിവിതരണവും നടത്തുന്നത് ആ യോഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
‘ഞങ്ങള്‍ ചോറും കഞ്ഞിയും കൊടുക്കുകയാണ്’ എന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനത്തിനകത്ത് രാഷ്ട്രീയ കൊടികള്‍ സ്ഥാപിക്കുന്നത് ഒരു തരത്തിലും അനുവദിക്കാന്‍ കഴിയില്ല. അത്തരം ഷെഡുകളും കൊടികളും അവിടെനിന്ന് അടിയന്തരമായി നീക്കം ചെയ്യേണ്ടതുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട മനുഷ്യര്‍ക്ക് ചികിത്സയ്ക്കായി അവിടെ വരാം, എന്നാല്‍ മെഡിക്കല്‍ കോളേജിനകത്ത് രാഷ്ട്രീയം കളിക്കാന്‍ ആരെയും അനുവദിക്കരുത്. അവിടെ ഒരു സംഘടനയും ഭക്ഷണം വിതരണം ചെയ്യേണ്ട ആവശ്യമില്ല.
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ സൗകര്യങ്ങളും ഭക്ഷണവും നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്; കാരണം ഇത് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാണ്. ഇത്തരം സമാന്തര സംവിധാനങ്ങള്‍ ഇനി അവിടെ ഉണ്ടാവരുതെന്ന് കര്‍ശനമായ തീരുമാനം എടുത്താണ് അന്ന് ഞങ്ങള്‍ യോഗം കഴിഞ്ഞ് മടങ്ങിയത്.
എന്നാല്‍, ഈ ഔദ്യോഗിക തീരുമാനത്തിന് ശേഷവും, കഴിഞ്ഞ ഒരാഴ്ചയായ്ക്കിപ്പുറം അവിടെ ചെന്നപ്പോള്‍ സേവാഭാരതിയെന്ന സംഘടന അവിടെ വീണ്ടും ഷെഡ് കെട്ടി ഭക്ഷണവിതരണം നടത്തുകയാണ്. കളക്ടര്‍ കൂടി പങ്കെടുത്ത യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ആയിരുന്നിട്ടും, അതിന് എന്ത് വിലയാണ് ഇവിടെ നല്‍കുന്നത്?
കളക്ടര്‍ ചെയര്‍മാനായ വികസന സമിതികള്‍ അവിടെയുണ്ടെങ്കിലും അവര്‍ ആരും തന്നെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല. ദൈവം തമ്പുരാന്‍ വിചാരിച്ചാലോ മറ്റാരെങ്കിലും വിചാരിച്ചാലോ മാത്രം മാറുന്നതല്ല ഇത്; നിലവിലുള്ള ഈ മോശം വ്യവസ്ഥിതികള്‍ പൂര്‍ണമായും തിരുത്തിക്കുറിക്കപ്പെടുക തന്നെ വേണം,’ജി. സുധാകരന്‍ പറഞ്ഞു.
Content Highlight: No organization needs to distribute food at the medical college; that is the government’s responsibility: G. Sudhakaran.