| Friday, 21st November 2025, 6:17 pm

എതിരാളികളില്ല; വോട്ടെടുപ്പിന് മുമ്പ് കണ്ണൂരില്‍ നാലിടത്ത് എല്‍.ഡി.എഫ് വിജയമുറപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് മുമ്പ് വിജയമുറപ്പിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് എതിരാളികളില്ലാത്തതിനാല്‍ നാല് വാര്‍ഡുകളില്‍ എതിരില്ലാതെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെടാന്‍ സാഹചര്യമൊരുങ്ങിയത്.

കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍ രണ്ട് വാര്‍ഡിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാര്‍ഡിലുമാണ് ഏകപക്ഷീയ വിജയമുറപ്പായിരിക്കുന്നത്.

ആന്തൂര്‍ നഗരസഭയില്‍ മൊറാഴ വാര്‍ഡില്‍ വീവേഴ്‌സ് തൊഴിലാളിയും സി.പി.ഐ.എം മൊറാഴ ബ്രാഞ്ച് അംഗവുമായ കെ. രജിതയാണ് വിജയിച്ചിരിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മൊറാഴ വില്ലേജ് പ്രസിഡന്റ് കൂടിയാണ് രജിത.

ആന്തൂര്‍ പൊടിക്കുണ്ട് വാര്‍ഡില്‍ സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറിയും കര്‍ഷക തൊഴിലാളി യൂണിയന്‍വില്ലേജ് സെക്രട്ടറിയുമായ കെ. പ്രേമരാജനുമാണ് വിജയിച്ചിരിക്കുന്നത്.

മലപ്പട്ടം പഞ്ചായത്തില്‍ അടുവാപ്പുറം നോര്‍ത്ത്, അടുവാപ്പുറം സൗത്ത് എന്നിവിടങ്ങളിലാണ് എതിരില്ലാത്ത എല്‍.ഡി.എഫ് വിജയം.

അടുവാപ്പുറം നോര്‍ത്തില്‍ പി.കെ.എസ് ഏരിയാ കമ്മിറ്റി അംഗവും സി.പി.ഐ.എം ചൂളിയാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ ഐ.വി. ഒതേനന്‍ വിജയിച്ചു. അടുവാപ്പുറം സൗത്തില്‍ സി.കെ. ശ്രേയയാണ് വിജയിച്ചത്. ഡി.വൈ.എഫ്.ഐ ശ്രീകണ്ഠാപുരം ബ്ലോക്ക് കമ്മിറ്റി അംഗമാണ് ശ്രേയ.

അതേസയം, വെള്ളിയാഴ്ച വൈകുന്നേരം വരെയായിരുന്നു സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം.

ഈ നാലിടത്തും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ അല്ലാതെ മറ്റാരും പത്രിക സമര്‍പ്പിച്ചിട്ടില്ല. ഇതോടെ പത്രിക പിന്‍വലിക്കാനുള്ള സമയം തീരുമ്പോള്‍ ഇവരെ വിജയികളായി പ്രഖ്യാപിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

Content Highlight: No opponents; LDF secures victory in four seats in Kannur before voting

Latest Stories

We use cookies to give you the best possible experience. Learn more