ന്യൂദല്‍ഹി: നീറ്റ് വിഷയത്തില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ നടിയും ബി.ജെ.പി എംപിയുമായ കങ്കണ റണാവത്തിനെ വിമര്‍ശിച്ച് സി.ജെ.പി വക്താവ് സൗരവ് ദാസ്.
സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ പോലും കങ്കണയെ ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് സൗരവ് പറഞ്ഞു. കങ്കണക്ക് പക്വതയില്ലെന്നും അദ്ദേഹം പറഞ്ഞു. കങ്കണയുടെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സൗരവ്.
‘സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ പോലും കങ്കണ റണാവത്തിനെ കാര്യമായി ശ്രദ്ധിക്കുകയോ ഗൗരവമായി എടുക്കുകയോ ചെയ്യുന്നില്ല. പിന്നെ ഞങ്ങള്‍ എന്തിന് ശ്രദ്ധിക്കണം,’ സൗരവ് ചോദിച്ചു. ജെന്‍ സീയിലോ ജെന്‍ ആല്‍ഫയിലോ, യുവതലമുറയിലോ ആരും അവരെ ഗൗരവമായി എടുക്കുകയോ അവര്‍ പറയുന്നത് ശ്രദ്ധിക്കുകയോ ചെയ്യില്ലെന്നാണ് ഞാന്‍ കരുതുന്നതെന്നും സൗരവ് ചൂണ്ടിക്കാട്ടി.
‘അവര്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയക്കാരിയാണ്. എംപിയായ അവര്‍ ഹിമാചല്‍ പ്രദേശിലെ തന്റെ മണ്ഡലം സന്ദര്‍ശിച്ചപ്പോഴുള്ള വീഡിയോയുണ്ട്. അതില്‍ അവര്‍ പറയുന്നത്് പാര്‍ലമെന്റ് അംഗമായാല്‍ അധികം പണിയൊന്നുമെടുക്കേണ്ട എന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നാണ്.
പാര്‍ലമെന്റ് അംഗമായ ശേഷമാണ് അവര്‍ക്ക് ആ ചുമതലയുടെ അധ്വാനം മനസ്സിലായത്. അവര്‍ക്ക് എത്രത്തോളം ഗൗരവമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. കങ്കണ എത്രത്തോളം ഗൗരവത്തോടെയാണ് ഇടപെടുന്നതെന്ന് മനസ്സിലാക്കാന്‍ ഇക്കാര്യം തന്നെ ധാരാളം…’ സൗരവ് പറഞ്ഞു.
നീറ്റ് വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിനെതിരായ കങ്കണയുടെ പ്രസ്താവന വിവാദമായിരുന്നു. ജെന്‍സി സമരമുഖത്ത് നിന്ന് വരുന്ന റീലുകള്‍ കണ്ട് തനിക്ക് ഛര്‍ദിക്കാന്‍ തോന്നുവെന്നും ആരാണ് ഇവരെ പെറ്റ് വളര്‍ത്തുന്നത് എന്നും കങ്കണ പറഞ്ഞിരുന്നു.
വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും തികച്ചും വിരുദ്ധമാണെന്നും കങ്കണ ആരോപിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.
‘എന്റെ ജീവിതത്തില്‍ ഇതുപോലെ അരോചകമായ കാഴ്ച കണ്ടിട്ടില്ല. ‘ജെന്‍സീ’ പ്രതിഷേധക്കാരുടെ റീലുകള്‍ അറപ്പുണ്ടാക്കുന്നവയാണ്. അവര്‍ സംസാരിക്കുന്ന രീതിയും ഉപയോഗിക്കുന്ന ഭാഷയും കാണുമ്പോള്‍ ഇവരെയൊക്കെ ആരാണ് വളര്‍ത്തുന്നത് എന്ന് തോന്നിപ്പോകും,’ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.
‘സംസ്‌കാരമുള്ള ജനങ്ങള്‍ ജീവിക്കുന്ന നാടാണ് ഇന്ത്യ. നിങ്ങള്‍ സ്വയം ‘പാറ്റകള്‍’ എന്ന് വിളിക്കുകയും അത്തരത്തില്‍ പെരുമാറുകയും ചെയ്യുന്നു. റീലുകള്‍ കണ്ട് മടുത്തു, എനിക്ക് ഇനി കുറച്ച് ദിവസം ഡിജിറ്റല്‍ ഡീടോക്‌സ് ആവശ്യമാണ്,’ എന്നും കങ്കണ അഭിപ്രായപ്പെട്ടിരുന്നു.
വൃത്തികെട്ടതും അധിക്ഷേപകരവുമായ റീലുകലുകളാണ് സമരത്തെ അനുകൂലിക്കുന്നവര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതെന്നും കങ്കണ ആരോപിച്ചു.
‘രാജ്യത്തോടും ഭരണനേതൃത്വത്തോടും എതിര്‍പ്പുള്ളതുകൊണ്ട് നിങ്ങള്‍ പരസ്യമായി കേട്ടാലറയ്ക്കുന്ന തെളിവില്ലാത്ത ഭാഷ ഉപയോഗിച്ചാല്‍, രാജ്യത്തെ സ്നേഹിക്കുകയും വോട്ട് ചെയ്ത് സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയും ചെയ്തവരുടെ വാക്കുകള്‍ ഇനി നിങ്ങള്‍ കേള്‍ക്കുക തന്നെ വേണം. കാരണം അവര്‍ക്കും സംസാരിക്കാന്‍ അവകാശമുണ്ട്. ,’ എന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞിരുന്നു.
‘എല്ലാ പ്രവൃത്തികള്‍ക്കും തുല്യവും വിപരീതവുമായ പ്രതികരണമുണ്ടാവും. അത് ഇനി നന്നായിത്തന്നെ മനസ്സിലാകും,’ എന്നും കങ്കണ അഭിപ്രായപ്പെടുന്നു.
Content Highlight: no one takes Kangana Ranaut seriously; CJP’s Saurav Das