കാസര്‍ഗോഡ്: സമസ്ത വിട്ടുപോയ സുന്നികള്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.
പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. അതിനുവേണ്ടി സമസ്തയില്‍ നിന്ന് പോയ വ്യക്തികളും മറ്റു സംഘടനകളും തിരികെ വരണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. കാന്തപുരത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജിഫ്രി തങ്ങളുടെ പ്രസംഗം.
ആരും സമസ്തയെ വേദനിപ്പിക്കാനും നിസാരവത്കരിക്കാനും മെനക്കെടരുതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്തയുടെ തീരുമാനങ്ങള്‍ ഉള്‍ക്കൊണ്ട് പോഷക സംഘടനകള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസർഗോഡ് നടക്കുന്ന സമസ്തയുടെ ശതാബ്ദി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചില സംവിധാനങ്ങളെയൊക്കെ സമസ്ത വിട്ടുനിര്‍ത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിച്ച് അവര്‍ തിരിച്ചുവരണം. വ്യക്തികളാണെങ്കിലും അങ്ങനെ തന്നെ. സമസ്ത എന്നത് വലിയ സംഘന തന്നെയാണ്. അത് പറയുമ്പോള്‍ ആരും സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ മനസിലായി കാണും. സമസ്തയെ വേദനിപ്പിക്കാന്‍ ആരും മെനക്കെടരുത്. എല്ലാവരും ഒത്തൊരുമിച്ച് പോകാന്‍ ശ്രമിക്കണം,’ ജിഫ്രി തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ സമാപന ചടങ്ങാണ് കാസര്‍ഗോഡ് നടന്നത്. ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശൈഖ് അലിയ്യുല്‍ ഹാശിമി ആമുഖഭാഷണം നടത്തി.
സമസ്ത സെക്രട്ടറിയും സ്വാഗതസംഘം വര്‍ക്കിങ് കണ്‍വീനറുമായ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതപ്രഭാഷണവും നടത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, വ്യവസായി യൂസഫലി എന്നിവരും സമസ്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlight: No one should trivialize Samasta: Jiffry Muthukkoya Thangal