| Wednesday, 14th January 2026, 12:33 pm

ഞങ്ങളെ ഓര്‍ത്ത് ആരും കരയണ്ട, ഒറ്റ നിലപാടേയുള്ളൂ, കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തിനൊപ്പം: ജോസ്.കെ. മാണി

നിഷാന. വി.വി

കോട്ടയം: മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തള്ളി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ മാണി.

കേരളാ കോണ്‍ഗ്രസിന് ഒറ്റ നിലപാടെയുള്ളു അത് ഇടത് പക്ഷത്തിനൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെയാണ് ഭരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നണി മാറ്റമുമായി ബന്ധപ്പെട്ട് ആരാണ് ചര്‍ച്ച നടത്തുന്നതെന്ന് ചോദിച്ച ജോസ്.കെ മാണി ജെറുസലേമിലെ സഹോദരന്മാരോട് എന്നെയോര്‍ത്ത് കരയേണ്ടെന്ന് യേശു ക്രിസ്തു പറഞ്ഞ ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് ആരും ഞങ്ങളെയോര്‍ത്ത് കരയേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയില്‍ കഴിയുന്ന സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ ദുബായിലേക്ക് കുടുംബസമേതം പോകേണ്ടി വന്നതിനാലാണ് ഇടതുപക്ഷത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും വിഷയം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ജോസ്.കെ മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഴുവന്‍ എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും താന്‍ എവിടെയെങ്കിലും പോകുമ്പോള്‍ മുഴുവന്‍ മാധ്യമങ്ങളെയും അറിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത്് പാര്‍ട്ടികകത്തും വ്യത്യസ്ത അഭിപ്രയങ്ങള്‍ ഉണ്ടാകും എന്നാല്‍ അതിനെയെല്ലാം ക്രോഡീകരിച്ചുകൊണ്ട് പാര്‍ട്ടി തീരുമാനമെടുക്കും പാര്‍ട്ടികകത്ത് ഒരു ഭിന്നതയുമില്ല, പാര്‍ട്ടിയെടുക്കുന്ന തീരുമാനത്തിനൊപ്പമാണ് അഞ്ച് എം.എല്‍.എമാരുമെന്നും ജോസ്.കെ മാണി പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ ജോസ്.കെ മാണി പങ്കെടുക്കാതിരുന്നതുമായി ബന്ധപ്പെട്ടായിരുന്നു മുന്നണിമാറ്റ വിവാദങ്ങള്‍ ഉണ്ടായത്. സോണിയാഗാന്ധി ജോസ്.കെ മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചെന്നടക്കമുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ ഇത് തള്ളി ജോസ്.കെ മാണി ഇന്നലെ ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പോസ്റ്റ് രണ്ട് തവണ തിരുത്തിയതും വിവാദങ്ങള്‍ക്കിടയാക്കി. ഇതിന് പിന്നാലെയാണ് ജോസ്.കെ മാണിയുടെ നിലപാട് വ്യക്തമാക്കി കൊണ്ടുള്ള വാര്‍ത്താ സമ്മേളനം.

Content Highlight: No one should cry for us, we have only one position, Kerala Congress is with the Left: Jose.K. Mani

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more