| Monday, 13th July 2026, 1:16 pm

മതത്തിന്റെ പേരില്‍ ജലാശയങ്ങള്‍ മലിനമാക്കാന്‍ ആര്‍ക്കും അവകാശമില്ല: മദ്രാസ് ഹൈക്കോടതി

നിഷാന. വി.വി

ചെന്നൈ: മതത്തിന്റെ പേരില്‍ ജലാശയങ്ങള്‍ മലിനമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. മരിച്ചവര്‍ക്കുള്ള ചടങ്ങിനിടെ താമരഭരണി നദിയില്‍ വന്‍തോതില്‍ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും തള്ളുന്നതിനെതിരെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസുമാരായ ജി.ആര്‍ സ്വാമിനാഥന്‍, ബി. പുകഴേന്തി തുടങ്ങിയവരടങ്ങിയ മധുര ബെഞ്ചാണ് ഈ നീരീക്ഷണം നടത്തിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യം പൊതുജനാരോഗ്യത്തിന് വിധേയമാണെന്നും ഉത്തരവില്‍ പറയുന്നു.

വിശ്വാസികള്‍ക്ക് ആത്മീയമായ ആചാരങ്ങള്‍ അനുഷ്ഠിക്കാം എന്നാലത് പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതോ മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതോ ആവരുതെന്നും കോടതി പറഞ്ഞു.

തിരുനെല്‍വേലി ജില്ലയിലെ ഒരു മണ്ഡപവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്ത് ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

വാദത്തിനിടയില്‍, മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനായി പതിനായിരക്കണക്കിന് ഭക്തര്‍ താമരഭരണി നദിക്കരയിലെ ബലിഘട്ടുകളില്‍ എത്താറുണ്ടെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. ഈ ആചാരങ്ങളുടെ ഭാഗമായി ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ വസ്ത്രങ്ങള്‍, തോര്‍ത്തുകള്‍, ചെരുപ്പുകള്‍, മരിച്ചയാളുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കള്‍ എന്നിവ നദിയിലേക്ക് ഉപേക്ഷിക്കാറുണ്ട്.

നദി വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂര്‍ത്തി എന്ന സന്നദ്ധപ്രവര്‍ത്തകനുമായും ബെഞ്ച് സംവദിച്ചു. പ്രതിദിനം കുറഞ്ഞത് ഒരു ടണ്‍ വസ്ത്രങ്ങളെങ്കിലും നദിയില്‍ തള്ളപ്പെടുന്നുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

മെയ് 7 നും മെയ് 28 നും ഇടയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ നദിയില്‍ നിന്ന് 86 മുതല്‍ 90 ടണ്‍ വരെ വസ്ത്രങ്ങള്‍ വീണ്ടെടുത്തതായും കോടതി ഉത്തരവില്‍ പറയുന്നു.

ശേഖരിച്ച മാലിന്യങ്ങളില്‍ 1,385 കിലോഗ്രാം പ്ലാസ്റ്റിക്, 374 കിലോഗ്രാം സാനിറ്ററി നാപ്കിനുകളും ഡയപ്പറുകളും, 220 കിലോഗ്രാം ഗ്ലാസ് കുപ്പികള്‍, 115 കിലോഗ്രാം ചെരുപ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ദ്രവിക്കാത്തവയാണെന്നും നദിയുടെ അടിത്തട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഇവ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറുമെന്നും കോടതി നിരീക്ഷിച്ചു. നദിയില്‍ കാണപ്പെടുന്ന ഇന്ത്യന്‍ ബ്ലാക്ക് ടര്‍ട്ടില്‍സ്, ഇന്ത്യന്‍ ഫ്‌ലാപ്‌ഷെല്‍ ടര്‍ട്ടില്‍സ് തുടങ്ങിയ ആമകള്‍ ഈ വസ്ത്രങ്ങളില്‍ കുടുങ്ങി ശ്വാസം മുട്ടി മരിക്കാനും ഇടായാകുമെന്നും കോടതി പറഞ്ഞു.

ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് മലിനീകരണമില്ലാത്ത ജലം ലഭിക്കുക എന്നത് സംരക്ഷിക്കപ്പെട്ടിട്ടുള്ള അവകാശമാണെന്നും ബെഞ്ച് പറഞ്ഞു. 1939-ലെ തമിഴ്നാട് പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷന്‍ 36, 1974-ലെ ജല (മലിനീകരണ പ്രതിരോധവും നിയന്ത്രണവും) നിയമത്തിലെ സെക്ഷന്‍ 24 എന്നിവയും കോടതി പരാമര്‍ശിച്ചു.

കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട കണക്കുകള്‍ ഭയപ്പെടുത്തുന്നതാണെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും കോടതിപറഞ്ഞു.

‘ഇത് നദിയെ നശിപ്പിക്കുന്നതിനാല്‍, ഇടപെടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
എന്നാല്‍ , ഈ വിഷയം ഒരു വലിയ വിഭാഗം ഹിന്ദുക്കളുടെ മതവിശ്വാസങ്ങളെയും വികാരങ്ങളെയും ബാധിക്കുന്ന ഒന്നായതിനാല്‍ കോടതി ഉടനടി നിരോധന ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട കക്ഷികളുടെ ഭാഗം കേള്‍ക്കേണ്ടതുണ്ട്,’ കോടതി വ്യക്തമാക്കി.

ജൂലൈ 16 ന് ഈ വിഷയത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്ന വിവരം പരസ്യമായി പ്രഖ്യാപിക്കാന്‍ തിരുനെല്‍വേലി ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. മത സംഘടനകള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഈ കേസില്‍ കക്ഷിചേരാനും തങ്ങളുടെ വാദങ്ങള്‍ സമര്‍പ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

മത സംഘടനകള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഈ കേസില്‍ തങ്ങളുടെ വാദങ്ങള്‍ ബോധിപ്പിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഒരു ശാശ്വത പരിഹാരത്തിനായുള്ള നിര്‍ദേശങ്ങള്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: No one has the right to pollute water bodies in the name of religion: Madras High Court.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more