| Monday, 14th July 2025, 9:09 am

യു.ഡി.എഫ് ഭരണകാലത്ത് സ്‌കൂൾ സമയം 9 മുതൽ 4:30 വരെ അന്നാർക്കും പ്രതിഷേധമില്ല; വി. ശിവൻകുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ ടൈംടേബിൾ പരിഷ്കരിച്ചത് മദ്രസാ വിദ്യാഭ്യാസത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് വാദിക്കുന്നവർ യു.ഡി.എഫ് ഭരണകാലത്ത് സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തിയപ്പോൾ ഒരു പ്രതിഷേധവും ഉയർത്തിയിട്ടില്ലെന്ന് വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

2014ൽ യു.ഡി.എഫ് ഭരണ കാലത്ത് സ്കൂളുകളുടെ പ്രവർത്തി സമയം രാവിലെയും വൈകിട്ടും അരമണിക്കൂർ വർധിപ്പിച്ചിരുന്നു. അപ്പോൾ ഇല്ലാത്ത പ്രശ്നമാണ് വലതുപക്ഷ അധ്യാപക സംഘടനകൾക്കും സമസ്ത പോലുള്ള സംഘടനകൾക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ കലണ്ടർ 2025-26 പ്രകാരം നിലവിലെ സമയ മാറ്റം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികളെ മാത്രമാണ് ബാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

‘2014ൽ യു.ഡി.എഫ് ഭരണകാലത്ത് ലബ്ബ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറിയിൽ ക്ലാസ് തുടങ്ങുന്നത് രാവിലെ 9.30 എന്നത് ഒമ്പതും വൈകിട്ട് നാല് എന്നത് 4.30 ആക്കി മാറ്റിയിരുന്നു. അന്ന് തർക്കമോ വിവാദമോ ഉണ്ടായിട്ടില്ല. അതിനാൽ ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് പിന്നിലെ ലക്ഷ്യം സംശയാസ്പദമാണ്. കോടതി ഉത്തരവും കേരള വിദ്യാഭ്യാസ ചട്ടവും (കെ.ഇ.ആർ) അനുസരിച്ചാണ് സ്കൂൾ സമയം ക്രമീകരിച്ചത്. ഹൈസ്‌കൂൾ വിഭാഗത്തിന് മാത്രമാണ് രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വിതം വർധിപ്പിച്ചത്. കെ.ഇ.ആർ പ്രകാരം 1,100 പഠന മണിക്കൂർ (220 ദിവസം) വേണം. വെള്ളിയാഴ്‌ചകളെ ഒഴിവാക്കിയാണ് ഈ സമയക്രമം നടപ്പാക്കിയത്,’ അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത അഭിപ്രായമുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും സമയമാറ്റത്തിലെ ആശങ്കകൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏത് നല്ല കാര്യം ചെയ്താലും അതിനെ ദുഷ്‌ടലാക്കോടെ സമരം പ്രഖ്യാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തങ്ങൾ ഒരു സംഘടനയേയും വെല്ലുവിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ ഉൾപ്പെടെ പ്രവർത്തിദിനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂ‌ളുകളേക്കാൾ കൂടുതലാണ് എന്നതും കണക്കിലെടുക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം മറ്റ് സംസ്ഥാനങ്ങളിലെ സ്കൂൾ കലണ്ടറുകളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ പ്രവർത്തിദിനങ്ങൾ കുറവാണ്. ഗുജറാത്തിൽ 243 ദിവസമാണ് പ്രവർത്തി ദിനങ്ങൾ. ഉത്തർപ്രദേശിൽ 233ഉം കർണാടകയിൽ 244ഉം ആന്ധ്രാ പ്രദേശിൽ 233 എന്നിങ്ങനെയാണ് പ്രവർത്തിദിനങ്ങൾ.

സ്കൂൾ സമയമാറ്റത്തിൽ കടുത്ത വിമർശനവുമായി സമസ്ത രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്നായിരുന്നു കാന്തപുരം വിഭാഗം ആവശ്യപ്പെട്ടത്. മാറ്റങ്ങളിൽ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക പരിഹരിക്കണമെന്നും എ.പി. സമസ്ത ആവശ്യപ്പെട്ടു.

സമയമാറ്റം സംബന്ധിച്ച് എത്രയും പെട്ടെന്ന് ചർച്ച നടത്തി പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സമസ്‌ത ഇ.കെ വിഭാഗം നേതാവ് ജിഫ്രി മുത്തുകോയ തങ്ങളും പറഞ്ഞിരുന്നു.

സർക്കാർ ഒരു ആവശ്യവുമില്ലാതെയാണ് സമയ മാറ്റം നടത്തിയതെന്നും വിഷയത്തിൽ ചർച്ചകൾ നടത്തണമെന്നും സമസ്‌ത നേതാവ് എം.ടി അബ്ദുല്ല മുസ്‌ലിയാരും ആവശ്യപ്പെട്ടിരുന്നു. സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് മാർച്ച്, കലക്ട്രേറ്റ് മാർച്ച്, കൺവെൻഷൻ എന്നിവ സംഘടിപ്പിക്കുമെന്നും എം.ടി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞിരുന്നു.

Content Highlight: No one has any objection to school timings being from 9 to 4:30 during the UDF regime; V. Sivankutty

We use cookies to give you the best possible experience. Learn more