| Friday, 4th September 2026, 7:07 am

ഒവൈസി സഹോദരങ്ങളുടെ ദേശസ്നേഹത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല: രേവന്ത് റെഡ്ഡി

അഞ്ജു ചന്ദ്രന്‍

ഹൈദരാബാദ്: ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദ്-ഉല്‍-മുസ്‌ലിം ( എ.ഐ.എം.ഐ.എം) പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയുടെയും അദ്ദേഹത്തിന്റെ ഇളയ സഹോദരനും ചന്ദ്രയാങ്ഗുട്ട എം.എ.എല്‍യുമായ അക്ബറുദ്ദീന്‍ ഒവൈസിയുടെയും ദേശസ്‌നേഹത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി.

തെലങ്കാനയിലെ ചഞ്ചല്‍ഗുഡ സന്തോഷ് നഗറിലെ ഫൈ്‌ലഓവര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

‘നമ്മള്‍ക്കിടയില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഉണ്ടാകാം പക്ഷേ അസദുദ്ദീന്‍ ഒവൈസിയുടെയും അക്ബറുദ്ദീന്റെയും ദേശസ്‌നേഹത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് എനിക്ക് പറയാന്‍ കഴിയും,’ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയത്തില്‍ സഖ്യങ്ങള്‍ ഉണ്ടാക്കുകയും തകര്‍ക്കുകയും ചെയ്യുന്നത് സാധാരണമാണ്, അതിനെക്കുറിച്ച് അധികം ചിന്തിക്കരുതെന്നും ഇന്ത്യയുടെ സുരക്ഷാകാര്യങ്ങളാണ് വലുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ ചടങ്ങില്‍ സംസാരിച്ച അസദുദ്ദീന്‍ ഒവൈസി തെലങ്കാനയില്‍ തങ്ങളുടെ പാര്‍ട്ടി പിന്തുണയ്ക്കുന്നത് രേവന്ത് റെഡ്ഡിയെയാണെന്നും പറഞ്ഞു.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇരുവരും പരസ്പരം കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്. ഒവൈസി സഹോദരങ്ങള്‍ക്ക് ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ രേവന്ത് റെഡ്ഡി ഉന്നയിച്ചിരുന്നു.

ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും പിന്നീട് രേവന്ത് റെഡ്ഡിയെ ‘ആര്‍.എസ്.എസിന്റെ പാവ’യെന്ന് വിശേഷിപ്പിച്ച് അസദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlights: No one can question the patriotism of the Owaisi brothers: Revanth Reddy

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more