| Monday, 12th January 2026, 7:34 am

ഞങ്ങൾ എന്തുചെയ്യണമെന്ന് ആർക്കും നിർദേശിക്കാൻ കഴിയില്ല; മാതൃരാജ്യത്തെ സംരക്ഷിക്കാൻ തയ്യാറാണ്: ക്യൂബൻ പ്രസിഡന്റ്

ശ്രീലക്ഷ്മി എ.വി.

ഹവാന: ക്യൂബ എത്രയും വേഗം കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിയിൽ പ്രതികരിച്ച് ക്യൂബ.

തങ്ങൾ എന്ത് ചെയ്യണമെന്ന് ആർക്കും നിർദേശിക്കാൻ കഴിയില്ലെന്നും ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ പറഞ്ഞു.

ക്യൂബ സ്വതന്ത്രവും, പരമാധികാരവുമുള്ള രാഷ്ട്രമാണെന്നും നമ്മൾ എന്ത് ചെയ്യണമെന്ന് ആരും നിർദേശിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യൂബ ആരെയും ആക്രമിക്കുന്നില്ലെന്നും 66 വർഷമായി അമേരിക്ക അതിനെ ആക്രമിച്ചുവരികയാണെന്നും ക്യൂബ പ്രതിരോധിക്കാൻ തയ്യാറാണെന്നും ക്യൂബൻ പ്രസിഡന്റ് പറഞ്ഞു.

‘ക്യൂബ ആരെയും ആക്രമിക്കുന്നില്ല. 66 വർഷമായി അമേരിക്ക രാജ്യത്തെ ആക്രമിച്ചുവരികയാണ്. അവസാന തുള്ളി രക്തം വരെ മാതൃരാജ്യത്തെ സംരക്ഷിക്കാൻ അത് തയ്യാറാണ്,’ അദ്ദേഹം വ്യക്തമാക്കി.

രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് വിപ്ലവത്തെ കുറ്റപ്പെടുത്തുകയാണെന്നും അമേരിക്ക ചെയ്യുന്നത് ലജ്ജാകരമാണെന്നും അവർ നാവ് അടക്കി നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യൂബയെ കുറ്റപ്പെടുത്താൻ അവർക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

വെനസ്വേലയിലെ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ, ക്യൂബ യു.എസുമായി ഒരു കരാറിൽ ഏർപ്പെടണമെന്ന് ട്രംപ് ശനിയാഴ്ച നിർദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ക്യൂബൻ പ്രസിഡന്റിന്റെ മറുപടി.

ക്യൂബയിലേക്ക് ഇനി എണ്ണയോ പണമോ പോകില്ലെന്നും വളരെ വൈകുന്നതിന് മുമ്പ് അവർ ഒരു കരാർ ഉണ്ടാക്കണമെന്ന് താൻ ശക്തമായി നിർദേശിക്കുന്നെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിൽ പറഞ്ഞിരുന്നു.

ക്യൂബ വീഴാൻ തയ്യാറാണെന്നും സാമ്പത്തിക പ്രതിസന്ധിയും വെനിസ്വേലൻ എണ്ണയില്ലാതെ പിടിച്ചുനിൽക്കാൻ പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: No one can dictate what to do; ready to defend homeland: Cuban President

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more