| Saturday, 6th December 2025, 3:53 pm

ഓഫീസ് സമയത്തിനുശേഷം ഔദ്യോഗിക കോളുകൾ വേണ്ട; 'റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍' പാർലമെന്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓഫീസ് സമയത്തിന് ശേഷം ഔദ്യോഗിക ആശയവിനിമയം നടത്താന്‍ ജീവനക്കാരെ നിര്‍ബന്ധിതരാക്കരുതെന്ന് ആവശ്യപ്പെടുന്ന ബില്‍ അവതരിപ്പിച്ച് എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം) എം.പി സുപ്രിയ സുലെ. ‘റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ 2025’ എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചത്.

ഓഫീസ് സമയത്തിന് ശേഷം കോളുകളും ഇ-മെയിലുകളും അവഗണിക്കാനുള്ള നിയമപരമായ അവകാശം ജീവനക്കാര്‍ക്ക് ഉണ്ടാകണമെന്ന് ബില്‍ ആവശ്യപ്പെടുന്നു. തൊഴിലാളികളുടെ സമ്മര്‍ദം കുറയ്ക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.

ഇന്നലെ (വെള്ളി) നടന്ന ലോക്‌സഭാ സമ്മേളനത്തിലാണ് സുപ്രിയ സുലെ തൊഴിലാളികള്‍ക്കായി ഒരു സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. ഓഫീസ് സമയം പൂര്‍ത്തിയായതിന് ശേഷവും അവധി ദിവസങ്ങളിലും ഔദ്യോഗിക ആശയവിനിമയം നടത്താന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ക്ഷേമ അതോറിറ്റി രൂപീകരിക്കാനും ബില്‍ നിര്‍ദേശിച്ചു.

ഇതിനുപുറമെ കോണ്‍ഗ്രസ് എം.പിമാരായ കഡിയം കാവ്യ, മാണിക്കം ടാഗോര്‍ എന്നിവരും യഥാക്രമം ആര്‍ത്തവ സമയത്ത് വനിതാ ജീവനക്കാര്‍ക്കുള്ള ആനുകൂല്യം, നീറ്റ് സംബന്ധിച്ചും ബില്‍ അവതരിപ്പിച്ചു.

ആര്‍ത്തവ സമയത്ത് വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്നതിന് ഒരു നിയമപരമായ ചട്ടക്കൂട് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഡിയം കാവ്യ ബില്‍ അവതരിപ്പിച്ചത്.

വനിതാ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും ശമ്പളത്തോടെയുള്ള അവധി, ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍, മറ്റു ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ജെ.പി എം.പി. ശാംഭവി ചൗധരിയും ബില്‍ അവതരിപ്പിച്ചു.

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് പിന്തുണ ഉറപ്പാക്കുക എന്നതാണ് ഈ ബില്ലുകള്‍ക്ക് പിന്നിലെ ലക്ഷ്യം. നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ലാണ് മാണിക്കം ടാഗോര്‍ അവതരിപ്പിച്ചത്.

നേരത്തെ നീറ്റ് വിരുദ്ധ നിയമനിര്‍മാണത്തിന് രാഷ്ട്രപതി അംഗീകാരം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Content Highlight: No official calls after office hours; ‘Right to Disconnect Bill 2025’ in Parliament

We use cookies to give you the best possible experience. Learn more