| Tuesday, 4th June 2019, 5:51 pm

നിതീഷ് കുമാറിന് മഹാസഖ്യത്തിലേക്കു വീണ്ടും ക്ഷണം; നിതീഷ് വരുന്നതിന് എതിര്‍പ്പില്ലെന്ന് റാബ്രിദേവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്കു വീണ്ടും സ്വാഗതം ചെയ്ത് ആര്‍.ജെ.ഡി. ഇത്തവണ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്രിദേവിയാണ് നിതീഷിനെ ക്ഷണിച്ചിരിക്കുന്നത്. ഇന്നലെ ആര്‍.ജെ.ഡി നേതാവ് രഘുവംശ സിങ്ങും അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നു.

നിതീഷ് മഹാസഖ്യത്തിലേക്കു വരുന്നതിനു തങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ലെന്നു റാബ്രി മാധ്യമങ്ങളോടു സംസാരിക്കവെ പറഞ്ഞു. അതേസമയം ആര്‍.ജെ.ഡിയുടെ മുതിര്‍ന്ന നേതാക്കളാണ് നിതീഷിനെ സഖ്യത്തിന്റെ ഭാഗമാക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതെന്നും റാബ്രി വ്യക്തമാക്കി.

ബിജെപിയെ എതിര്‍ക്കുന്ന ഏത് പാര്‍ട്ടിയെയും ആര്‍.ജെ.ഡി സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു രഘുവംശ സിങ് ഇന്നലെ പറഞ്ഞത്. ‘നിതീഷ്ജിയെ നമുക്കെല്ലാം അറിയാവുന്നതാണല്ലോ, അദ്ദേഹം എന്താണ് ചെയ്യുക എന്നതോ പറയുക എന്നതോ ആര്‍ക്കും പ്രവചിക്കാനാവില്ല. ഇതാദ്യമായല്ല സംഭവിക്കുന്നത് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. അത്‌കൊണ്ട് തന്നെ അത്ഭുതപ്പെടുത്തുന്നില്ല, ബി.ജെ.പിക്കെതിരെ എല്ലാവരും ഒരുമിക്കുക എന്നതാണ് ഞാന്‍ ആവശ്യപ്പെടുന്നത്.’- സിങ് പറഞ്ഞു.

ആര്‍.ജെ.ഡിയുടെ ക്ഷണത്തോട് ജെ.ഡി.യു ഇത് വരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും മറ്റ് കക്ഷികളും ചേര്‍ന്ന മഹാസഖ്യത്തിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

2015-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും ജെ.ഡി.യുവും കോണ്‍ഗ്രസും സഖ്യമായാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ സഖ്യം വിജയിക്കുകയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുകയും ആയിരുന്നു. 2017-ല്‍ സഖ്യം ജെ.ഡി.യു വിടുകയും ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയുമായിരുന്നു.

ഇപ്പോള്‍ പുതിയ മോദി സര്‍ക്കാറില്‍ ഒരു കാബിനറ്റ് മന്ത്രിസ്ഥാനം മാത്രം ജെ.ഡി.യുവിന് നല്‍കിയതിന് പ്രതികാര നടപടിയെന്നോണം സംസ്ഥാന മന്ത്രിസഭയില്‍ ഒരു ബി.ജെ.പി അംഗത്തിനു മാത്രമാണു നിതീഷ് സ്ഥാനം നല്‍കിയിരിക്കുന്നത്. എട്ട് ജെ.ഡി.യു നേതാക്കളെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

അതിനിടെ സംസ്ഥാനത്ത് ബി.ജെ.പിയും ജെ.ഡി.യുവും പരസ്പരം സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നുകളില്‍ നിന്നു മാറിനിന്നിരുന്നു. എന്നാല്‍ എല്‍.ജെ.പി നേതാവ് രാംവിലാസ് പസ്വാന്‍ ഇന്നലെ നടത്തിയ വിരുന്നില്‍ നിതീഷും ബി.ജെ.പി നേതാവ് സുശീല്‍ മോദിയും പങ്കെടുക്കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more