ഇടുക്കി: നിപ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികളില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. തൃശ്ശൂരിലെ പരിശീലന കേന്ദ്രത്തില്‍ നിപ ബാധിതനായ വിദ്യാര്‍ഥിക്കൊപ്പം പരിശീലനം നേടുകയും ഒപ്പം താമസിക്കുകയും ചെയ്ത മൂന്നു വിദ്യാര്‍ഥികളിലാണു ലക്ഷണങ്ങളില്ലെന്നു കണ്ടെത്തിയത്. വിദ്യാര്‍ഥിയെ ആദ്യഘട്ടത്തില്‍ ചികിത്സിച്ച ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ കൊച്ചിയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ഓരോ മണിക്കൂര്‍ ഇടവിട്ട് ഇവരുടെ ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഇവര്‍ കാണിക്കുകയാണെങ്കില്‍ പ്രവേശിപ്പിക്കാന്‍ കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും അടക്കം ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സമീപത്തുള്ള മറ്റ് ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചുകഴിഞ്ഞു.
കൊല്ലത്തെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമുള്ള പരിശീലനം തുടങ്ങി. മരുന്നുകളും നിപ പ്രതിരോധ വസ്ത്രങ്ങളും കൊല്ലത്തെ ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്.
മെയ് 16-ന് നിപ ബാധിതനായ വിദ്യാര്‍ഥി പരീക്ഷയെഴുതാന്‍ തൊടുപുഴയില്‍ എത്തിയിരുന്നു. എന്നാല്‍ ഇടുക്കിയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ല.
ഒരുദിവസം മാത്രം വിദ്യാര്‍ഥി ഇടുക്കിയില്‍ ആയിരുന്നതിനാല്‍ നിപയുടെ പ്രഭവകേന്ദ്രം തൊടുപുഴയാണെന്ന് പറയാനാകില്ലെന്ന് ഇടുക്കി ഡി.എം.ഒ എന്‍. പ്രിയ പറഞ്ഞു. ആരെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ പ്രവേശിപ്പിക്കാനായി ഇടുക്കിയിലും തൊടുപുഴയിലുമായി രണ്ട് ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രി കെ.കെ ശൈലജ കൊച്ചിയില്‍ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
രോഗത്തെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണസജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോള്‍ അതിനെ ഒന്നിച്ച് നിന്ന് അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നെന്നും അതു പോലെ ഇപ്പോഴും നമുക്ക് നിപയെ അതിജീവിക്കാന്‍ കഴിയുമെന്നും പിണറായി പറഞ്ഞു. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ ആരും നടത്തരുതെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.