| Friday, 5th December 2025, 2:57 pm

വിവാഹപ്രായമാകേണ്ടതില്ല; പ്രായപൂർത്തിയായവർക്ക് ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെടാം: രാജസ്ഥാൻ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂർ: വിവാഹപ്രായമാകുന്നതിന് മുമ്പ് തന്നെ പ്രായപൂർത്തിയായവർക്ക് ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെടാമെന്ന് രാജസ്ഥാൻ ഹൈക്കോടതി. നിയമപരമായ വിവാഹ പ്രായം ഇതിന് തടസമാകില്ലെന്ന് കോടതി പറഞ്ഞു.

വിവാഹപ്രായമായില്ല എന്ന കാരണത്താൽ മാത്രം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കോട്ട സ്വദേശികളായ 18കാരിയും 19കാരനും സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ വിധി. ജസ്റ്റിസ് അനൂപ് ധണ്ടാണ് വിധി പ്രസ്താവിച്ചത്.

2025 ഒക്ടോബർ 27 ന് തയാറാക്കിയ ലിവ് ഇൻ കരാർ പ്രകാരവും സ്വതന്ത്ര ഇച്ഛാശക്തിയുടെ പുറത്തുമാണ് തങ്ങൾ ഒന്നിച്ചു ജീവിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.

പെൺകുട്ടിയുടെ കുടുംബം തങ്ങളുടെ ബന്ധത്തെ എതിർക്കുന്നതായും വധ ഭീഷണി ഉയർത്തിയതായും ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

കോട്ട പൊലീസിൽ പരാതി നൽകിയിരുന്നെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.

വാദം കേൾക്കുന്നതിനിടെ പുരുഷന്മാരുടെ വിവാഹപ്രായം 21 ആണെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിവേക് ചൗധരി ഹരജിയെ എതിർത്തിരുന്നു. വിവാഹപ്രായമാകാത്തതിനാൽ ലിവ് ഇൻ റിലേഷനിൽ ജീവിക്കാൻ അനുവദിക്കരുതെന്നും വിവേക് ചൗധരി വാദിച്ചു.

രാജ്യത്തെ നിയമപ്രകാരം ലിവ് ഇൻ റിലേഷൻ നിരോധിക്കുകയോ കുറ്റകരമാക്കുകയോ ചെയ്തിട്ടില്ലെന്നും ഓരോ വ്യക്തിയുടെയും ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.

പൊലീസിനോട് വിഷയത്തിൽ ഇടപെടാനും ഭീഷണിയുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാനും ലിവ് ഇൻ ബന്ധത്തിലുള്ള ഇവർക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു.

Content Highlight: No need to be of marriageable age; adults can enter into live-in relationships: Rajasthan High Court

We use cookies to give you the best possible experience. Learn more