| Monday, 6th July 2026, 3:35 pm

'ഇതുപോലെ നരേഷന്‍ ഇട്ട് വെറുപ്പിക്കേണ്ടിയിരുന്നില്ല, വലിച്ച് വലിച്ച് എവിടേക്കാണ്' ?; ഒ.ടി.ടി റിലീസിന് പിന്നാലെ വിമര്‍ശനം നേരിട്ട് 'മോളിവുഡ് ടൈംസ്'

ആര്യ. പി

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് നസ്ലെന്‍ പ്രധാന വേഷത്തിലെത്തിയ ‘മോളിവുഡ് ടൈംസ്’ തിയേറ്റര്‍ റിലീസിന് പിന്നാലെ ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്.

തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് ഒ.ടി.ടിയിലും വിമര്‍ശനങ്ങള്‍ ലഭിക്കുന്നുണ്ട്. ചിത്രത്തിലെ അമിതമായ നരേഷനും സംവിധായകന്‍ അഭിനവ് സുന്ദര്‍ നായികിന്റെ മുന്‍ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സുമായുള്ള നരേഷനിലെ സാമ്യവും സ്റ്റിക്മാന്‍ ആനിമേഷനുമൊക്കെയാണ് ഒരുവിഭാഗം പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുന്നത്.

‘മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ’ വികലമായ അനുകരണമാണ് മോളിവുഡ് ടൈംസ് എന്നാണ് ഒരു പറ്റം പ്രേക്ഷകര്‍ പറയുന്നത്.

അഭിനവിന്റെ ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നെങ്കില്‍ അതേ ടെംപ്ലേറ്റ് പരീക്ഷിച്ച മോളിവുഡ് ടെംസില്‍ സംവിധാനയക് പിഴച്ചെന്നാണ് ചിലരുടെ പ്രതികരണം. മുകുന്ദനുണ്ണിയുടെ അതേ ടെംപ്ലേറ്റും, മൈന്‍ഡ് വോയിസ് ടോണും അതേപടി പകര്‍ത്തി വെച്ചതായാണ് പ്രേക്ഷകര്‍ പറയുന്നത്.

‘മുകുന്ദനുണ്ണിയിലേക്ക് പുതിയ നടന്മാരെയും സ്‌ക്രിപ്റ്റും മാത്രം മാറ്റിവെച്ചത് പോലെ തോന്നി, മേക്കിങ് ഒന്ന് മാറ്റിപ്പിടിക്കാമായിരുന്നു’ എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

മുകുന്ദനുണ്ണിയുടെ വികലമായ അനുകരണമാണിതെന്നും, സംവിധായകന്‍ സ്വന്തം സിനിമയെ തന്നെ വളരെ ‘പേഴ്‌സണല്‍’ ആയി എടുത്തുപോയോ എന്ന് സംശയമുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

‘ഇതുപോലെ നരേഷന്‍ ഇട്ട് വെറുപ്പിച്ച പടം വേറെ ഇല്ല! നല്ല പ്ലോട്ട് ആയിരുന്നു, ആ നരേഷന്‍ ഇല്ലാതെ നോര്‍മലായി അവതരിപ്പിച്ചിരുന്നെങ്കില്‍ മറ്റൊരു ഒരു അനുഭവമായേനെയെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ചിത്രത്തില്‍ നസ്‌ലെന്‍ തന്നെയാണ് നരേഷന്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ സിനിമയിലുടനീളമുള്ള ഈ വോയ്സ് ഓവര്‍ പ്രേക്ഷകരെ അങ്ങേയറ്റം മടുപ്പിച്ചു എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

ഒരു മണിക്കൂര്‍ കൊണ്ട് തീര്‍ക്കാമായിരുന്ന പടം വലിച്ചു നീട്ടി കൊണ്ടുപോയെന്നും മുകുന്ദനുണ്ണിയില്‍ കണ്ട എഡിറ്റിങ് മികവ് ഇതില്‍ കാണാനില്ലെന്നും പ്രേക്ഷകര്‍ പറയുന്നു.

പ്രത്യേകിച്ച് സെക്കന്‍ഡ് ഹാഫിലെ അമിതമായ നരേഷനും ലാഗുമാണ് പ്രേക്ഷകരെ നിരാശരാക്കിയത്. ഒപ്പം സംഗീത് പ്രതാപിന്റെ അഭിനയത്തിനും ചില വിമര്‍ശനങ്ങള്‍ ലഭിക്കുന്നുണ്ട്. പെര്‍ഫോമന്‍സുകൊണ്് നസ്‌ലെന്‍ ഞെട്ടിച്ചപ്പോള്‍ സംഗീതിന്റെ പ്രകടനം പലയിടത്തും പാളിയെന്നാണ് ഒരുപറ്റം പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ സംഗീതിന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായ വേഷമാണെന്നും കയ്യടക്കത്തോടെ ചെയ്‌തെന്നും മറ്റു ചിലരും അഭിപ്രായപ്പെടുന്നുണ്ട്.

വലിയ ചിലവില്‍ സിനിമയെടുത്ത് തിയേറ്ററില്‍ പരാജയപ്പെടുത്തി, നിര്‍മ്മാതാക്കള്‍ ടാക്‌സില്‍ നിന്നും രക്ഷപ്പെടുന്നു എന്ന് ഈ സിനിമയ്ക്കുള്ളില്‍ തന്നെ ഒരു ഭാഗത്ത് പറയുന്നുണ്ട്. ചിത്രം കണ്ട ചിലര്‍ ഇപ്പോള്‍ ഈ ഡയലോഗും സിനിമയുടെ അവസ്ഥയും കണക്ട് ചെയ്യുകയാണ്.

‘മോളിവുഡ് ടൈംസി’ന്റെ വലിയ ബജറ്റും, അതിന്റെ മാര്‍ക്കറ്റിങ്ങും സിനിമയുടെ വലിപ്പവും കണ്ടാല്‍ സിനിമയില്‍ പറയുന്ന ഈ ടാക്‌സ് വെട്ടിപ്പ് കഥ സത്യമാണെന്ന് തോന്നിപ്പോകും എന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. പ്രമുഖ നിര്‍മാതാവ് ആഷിക് ഉസ്മാനാണ് ‘മോളിവുഡ് ടൈംസ്’ നിര്‍മ്മിച്ചിരിക്കുന്നത്.

പെര്‍ഫോമന്‍സുകൊണ്ട് സിനിമയെ പരമാവധി താങ്ങി നിര്‍ത്താന്‍ നസ്‌ലെന്‍ ശ്രമിക്കുമ്പോഴും അനാവശ്യമായ നരേഷനും ലാഗും തിരിച്ചടിയായെന്നാണ് ഒരുവിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: No need to annoy the audience with so much narration, ‘Mollywood Times’ faces heavy criticism post-OTT release

ആര്യ. പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more