ന്യൂദല്‍ഹി: എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം മുഴുവന്‍ ആലപിച്ചതില്‍ ന്യായീകരണവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മുഴുവന്‍ ആലപിച്ചതില്‍ പ്രശ്‌നമില്ലെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറെ നേരമായി നില്‍ക്കുന്ന സോണിയ ഗാന്ധിക്കിരിക്കാന്‍ ഒരു കസേര വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും അല്ലാതെ വന്ദേമാതരം ആലപിക്കുന്നതിനെ ആരും തടസപ്പെടുത്തിയിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു.
വന്ദേമാതരം കോണ്‍ഗ്രസിന്റെ ഗീതമാണെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ പ്രതികരണം. വന്ദേമാതരം ആദ്യമായി ആലപിച്ചത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലായിരുന്നുവെന്നും അതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയാഗാന്ധിയും ഖാര്‍ഗെയും നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും രാഹുല്‍ ഗാന്ധി അതൃപ്തി രേഖപ്പെടുത്തുന്നതും കാണാമായിരുന്നു.
നേതാക്കള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഗായകര്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കുകയും ചെയ്തു.
വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടതില്ലെന്നതാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ അതിന് വിരുദ്ധമായാണ് ഇന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടന്നിരിക്കുന്നത്. സംഭവം ഇതിനോടകം തന്നെ വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
Content Highlight: No need for a controversy over singing the full Vande Mataram: Sonia Gandhi gestured for a chair to be brought: Jairam Ramesh.