| Monday, 22nd June 2026, 9:47 am

മുന്‍പൊക്കെ ഈ ദിവസം സോഷ്യല്‍ മീഡിയ നിന്ന് കത്തുമായിരുന്നു, ഇന്ന് ആളുമില്ല, അനക്കവുമില്ല... അപ്‌ഡേറ്റുകളില്ലാതെ വിജയ്‌യുടെ പിറന്നാള്‍

അമര്‍നാഥ് എം.

കോളിവുഡ് പോലൊരു വലിയ ഇന്‍ഡസ്ട്രിയെ തോളിലേറ്റിയ താരങ്ങളിലൊരാളാണ് വിജയ്. മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത സ്റ്റാര്‍ഡവും റീച്ചും കൊണ്ട് തമിഴിലെ ടോപ് ലീഗ് താരം ഒരുപാട് കാലം അടക്കിഭരിച്ചു. കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കവെ സിനിമാജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രിയാവുകയും ചെയ്ത് ചരിത്രമെഴുതി.

മുഖ്യമന്ത്രിയായതിന് ശേഷം വിജയ്‌യുടെ ആദ്യ പിറന്നാളാണ് ഇന്ന്. ഓരോ പിറന്നാളിനും പുതിയ സിനിമയുടെ അപ്‌ഡേറ്റുകള്‍ പുറത്തുവിട്ട് സോഷ്യല്‍ മീഡിയക്ക് തീയിടാന്‍ വിജയ്ക്ക് സാധിക്കാറുണ്ട്. ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ അനൗണ്‍സ്‌മെന്റ്, ടീസര്‍, ട്രെയ്‌ലര്‍ എന്നിങ്ങനെ വിജയ് സിനിമയുടെ അപ്‌ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്.

ജന നായകന്‍ Photo: Screen grab/ KVN Productions

എന്നാല്‍ സിനിമാജീവിതം ഉപേക്ഷിക്കുകയും രാഷ്ട്രീയത്തില്‍ സ്ഥിരമാക്കുകയും ചെയ്തതോടെ ആരാധകര്‍ വലിയരീതിയില്‍ നിരാശരാവുകയാണ്. വിജയ്‌യുടെ സിനിമകള്‍ ഇനി തിയേറ്ററില്‍ ആഘോഷിക്കാനാകില്ലെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും പലരും അംഗീകരിച്ചിട്ടില്ല. വിജയ് ഒഴിച്ചിട്ട ശൂന്യത നികത്താന്‍ ആര്‍ക്കുമാകില്ലെന്നും പലരും അഭിപ്രായപ്പെടുന്നു.

2019 മുതല്‍ വിജയ് സിനിമകളുടെ അപ്‌ഡേറ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചലനമുണ്ടാക്കാറുണ്ട്. ലോകേഷ് കനകരാജുമായി കൈകോര്‍ത്ത മാസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ആഘോഷമാക്കിയത് ചരിത്രമായിരുന്നു. പിന്നീട് ബീസ്റ്റിന്റെ ടൈറ്റില്‍, വാരിസ് ഫസ്റ്റ് ലുക്ക്, ലിയോയിലെ ‘നാ റെഡി’ എന്ന പാട്ട്, ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ടീസര്‍, ജന നായകന്‍ ഗ്ലിംപ്‌സ് എന്നിങ്ങനെ ഓരോ പിറന്നാളിനും അപ്‌ഡേറ്റുകളുടെ ചാകരയായിരുന്നു.

വിജയ്‌ Photo: Screen grab/ Sony Music

സിനിമയിലേത് പോലെ രാഷ്ട്രീയത്തിലും ചരിത്രമെഴുതിയപ്പോള്‍ സിനിമാലോകത്തിന് വലിയ നഷ്ടമാണ് വിജയ്‌യുടെ വിടവ് ഉണ്ടാക്കിയത്. തമിഴ് സിനിമാലോകത്ത് വിജയ്ക്ക് പകരം വെക്കാന്‍ മറ്റൊരു താരമില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. എത്ര കോടി ചെലവഴിച്ച് സിനിമ ചെയ്താലും നിര്‍മാതാവിനെ സേഫാക്കാന്‍ വിജയ്ക്ക് ഉള്ള കഴിവ് അപാരമാണ്.

പുതിയ സിനിമ ഇനി കാണാനാകില്ലെങ്കിലും അവസാന ചിത്രമായ ജന നായകന്‍ തിയേറ്ററില്‍ കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ വര്‍ഷം പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ട ചിത്രം ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ട് ഇപ്പോഴും പ്രതിസന്ധിയിലാണ് ജന നായകന്‍. ആളും ആരവവുമില്ലാതെ വിജയ്‌യുടെ പിറന്നാള്‍ കടന്നുപോകുന്നതാണ് സിനിമാലോകത്തെ പ്രധാന വാര്‍ത്ത.

Content Highlight: No movie updates for a Vijay movie on his birthday

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more